പാലക്കാട്: വടക്കന്തറയില്‍ മൂന്നുദിവസം നീണ്ട ഭഗവത്ഗീത വ്യാഖ്യാന ക്ലാസ് വിസ്മയമായപ്പോള്‍ പ്രഭാഷകനായ സജി നിസാന്‍ അത് ജീവിത യജ്ഞത്തിന്റെ ഒരു ഭാഗം മാത്രം. കഴിഞ്ഞ 26 വര്‍ഷങ്ങളായി ഗീതജ്ഞാന കോഴ്സുകളും ആര്‍ട്ട് ഓഫ് ലിവിങ് കോഴ്സുകളും നടത്തുന്ന സജി നിസാന്‍ ഗീതാ സന്ദേശ പ്രചരണം ജീവിത ലക്ഷ്യം തന്നെയാണ്.
ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര പ്രചാരകനും അഡ്വാന്‍സ് കോഴ്സുകളുടെ സീനിയര്‍ ഫാക്കല്‍റ്റിയുമായ സജി നിസാന്‍ ഇതിനകം 21 രാജ്യങ്ങളില്‍ ഗീതാജ്ഞാന യജ്ഞ ക്ലാസുകള്‍ നടത്തിക്കഴിഞ്ഞു. ദുബായ് ആസ്ഥാനമായി യുഎഇ, ബഹറിന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ആര്‍ട്ട് ഓഫ് ലിവിങ് ക്ലാസുകളും ഭഗവത്ഗീത ക്ലാസുകളും നടത്തിയിട്ടുണ്ട്.
തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവിയായ പിതാവ് സോണി തയ്യലിന്റെയും മതഭക്തയായ അമ്മ മില്ലുമ്മ യൂസഫിന്റെയും മകനാണ്. ഒരു മകന്റെ മരണശേഷം സ്ട്രോക്ക് വന്ന് കിടപ്പിലായ അമ്മയ്ക്ക് ആര്‍ട്ട് ഓഫ് പരിശീലനം മുഖേന കൈവന്ന രോഗശാന്തിയാണ് സജിനിസ്സാനെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്. 2021ഇല് രണ്ട് വൃക്കകളും തകരാറിലായി മരണത്തെ അഭിമുഖീകരിച്ച വേളയില്‍ ഭഗവത്ഗീത തത്വങ്ങളില്‍ ആകൃഷ്ടനായി.
ചികിത്സാ കിടക്കയില്‍ ഭഗവത്ഗീത പഠിച്ച് 2021 മെയ് മുതല്‍ തുടര്‍ച്ചയായ 800 ക്ലാസുകളില്‍ യൂട്യൂബിലൂടെ ഗീതാതത്വങ്ങള്‍ ലോകത്തിന് പകര്‍ന്നു നല്കി. മാറാട് രണ്ടാം കലാപത്തിലെ 26 ഇരകള്‍ക്ക് ആര്‍ട്ട് ഓഫ് ലിവിങ് ക്ലാസുകളിലൂടെ സാന്ത്വനം നല്‍കിയതാണ് ജീവിതത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്നെന്ന് സജി നിസാന്‍ കരുതുന്നു. സാമൂഹിക കുടുംബ തൊഴില്‍ മേഖലകളില്‍ ജീവിതസമ്മര്‍ദ്ദങ്ങള്‍ ഏറിവരുന്ന ഇക്കാലത്ത് ഓരോ പ്രശ്നങ്ങള്‍ക്കും ഗീതയില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മതപശ്ചാത്തലം ക്ഷേത്രങ്ങളിലും മറ്റും നടത്തുന്ന ക്ലാസുകള്‍ക്ക് യാതൊരു തടസവും സൃഷ്ടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ സജി നിസ്സാന്റെ ഭാര്യ സന്ധ്യയും ആര്‍ട്ട് ഓഫ് ലിവിങ് പരിശീലകയാണ്. ദുര്‍ഗയാണ് മകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: