ഹൈദരാബാദ് (തെലങ്കാന): ശ്രീമുത്യാലമ്മ ദേവി ക്ഷേത്ര ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന് നേരെ തെലങ്കാന പോലീസിന്റെ ലാത്തിച്ചാര്‍ജ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ സംസ്ഥാനത്താകെ ജനരോഷം. ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹം തകര്‍ത്തവരെ സിസിടിവിയില്‍ കണ്ടിട്ടും ഇതുവരെ പിടികൂടിയിട്ടില്ല.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് ഭക്തരെ ആക്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ ആരാധിക്കുന്ന മുത്യാലമ്മയുടെ വിഗ്രഹം തകര്‍ത്തിട്ട് പോലീസിനോ സര്‍ക്കാരിനോ അനക്കമില്ല. ഹിന്ദുവാഹിനി, ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിക്കുകയുമാണ് പോലീസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. തെലങ്കാനയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ തെലങ്കാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ അറിയിച്ചു. മുത്യാലമ്മ ക്ഷേത്രത്തിനെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല. ഹൈദരാബാദിലെ ബീഗം ബസാര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള നാമ്പള്ളിയില്‍ പൂജാ പന്തലിലെ ദുര്‍ഗാ വിഗ്രഹം തകര്‍ത്ത സംഭവത്തിലും നടപടി ഉണ്ടായില്ല. പ്രതി മാനസികരോഗിയാണെന്ന് പറഞ്ഞ് പോലീസ് കേസ് അന്വേഷിക്കാനും തയാറായില്ലെന്ന് വിനോദ് ബന്‍സാല്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: