ന്യൂദല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണി തുടരുന്നു. ഇന്നലെ മാത്രം 13 വിമാനങ്ങള്‍ക്ക് നേരെ ബോംബാക്രമണ ഭീഷണി സന്ദേശം ലഭിച്ചു. ഇന്‍ഡിഗോയുടെയും വിസ്താരയുടെയും ആറ് വിമാനങ്ങള്‍ക്ക് വീതവും ആകാശയുടെ ഒരു വിമാനത്തിനുമാണ് ഇന്നലെ ബോംബ് ഭീഷണിയുയര്‍ന്നത്. സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ അടിയന്തര ലാന്‍ഡിങ് നടത്തി പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. രണ്ട് ദിവസങ്ങളിലായി എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ തുടങ്ങിയ കമ്പനികളുടെ അറുപതിലധികം വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണിയുണ്ടായത്.
കര്‍ണാടകയിലെ ബെലഗാവി വിമാനത്താവളത്തിന് നേരെയും ഇന്നലെ ബോംബാക്രമണ ഭീഷണി ഉണ്ടായി. വിമാനത്താവള ഡെ. ഡയറക്ടറുടെ ഇ-മെയില്‍ വിലാസത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലീസും സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആശ്വാസമായത്. ചെന്നൈയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ചെയ്തു.
വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബാക്രമണ ഭീഷണി സന്ദേശങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) സിഇഒമാരുമായും എയര്‍ലൈന്‍ പ്രതിനിധികളുമായും ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ നിര്‍ബന്ധിത പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഭാരതത്തിന്റെ ആകാശം സുരക്ഷിതമാണെന്നും ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിഖര്‍ ഹസന്‍ പറഞ്ഞു. വ്യാജ ബോംബ് ഭീഷണിയുണ്ടാകുന്ന സംഭവങ്ങള്‍ തടയാന്‍ കുറ്റവാളികളെ നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ നടപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: