തൃശ്ശൂര്‍: ചേലക്കരയില്‍ മത്സരച്ചൂടേറുന്നു. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ സജീവമായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായി.
പതിവില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസാണ് ഇക്കുറി ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പാളയത്തില്‍ പടമുറുകി. എഐസിസി അംഗവും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എന്‍.കെ. സുധീര്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നു. സുധീറിന് പിവി. അന്‍വറിന്റെ പാര്‍ട്ടി പിന്തുണയും പ്രഖ്യാപിച്ചു. സുധീര്‍ പരസ്യ പ്രചരണം തുടങ്ങിയിട്ടും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
രമ്യ ഹരിദാസ് രണ്ടുദിവസം കൊണ്ട് മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2019 മുതല്‍ 24 വരെ ആലത്തൂരിലെ എംപിയിയിരുന്നു രമ്യ. കാര്യമായൊന്നും ചെയ്യാന്‍ കഴിയാഞ്ഞതുകൊണ്ട് ജനം ഇക്കുറി തോല്‍പ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തോറ്റ രണ്ട് മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. മറ്റൊന്ന് തൃശ്ശൂരും. പിണറായി സര്‍ക്കാരിനെതിരായ ജനവികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണനോടാണ് രമ്യ പരാജയപ്പെട്ടത്. രാധാകൃഷ്ണന്‍ ചേലക്കര എംഎല്‍എ ആയിരുന്നു. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെച്ചു.
സിപിഎം ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് പ്രചരണം.
മുന്‍ എംഎല്‍എയും ദേശമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ യു.ആര്‍. പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ചേലക്കരയെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു യു.ആര്‍. പ്രദീപ്. കാര്യമായൊന്നും ചെയ്യാന്‍ കഴിയാഞ്ഞതുകൊണ്ട് 2021 ല്‍ പാര്‍ട്ടി സീറ്റ് കൊടുത്തില്ല. കെ. രാധാകൃഷ്ണന് വേണ്ടി വഴിമാറേണ്ടി വന്നു.
ഇപ്പോള്‍ രാധാകൃഷ്ണന്‍ ലോക്‌സഭാംഗമായതിനെ തുടര്‍ന്ന് രാജിവെച്ച സീറ്റിലേക്ക് പ്രദീപിനെ പാര്‍ട്ടി വീണ്ടും നിയോഗിക്കുകയാണ്. 96 മുതല്‍ 2016 വരെ തുടര്‍ച്ചയായി കെ. രാധാകൃഷ്ണന്‍ ജയിച്ചുവന്ന മണ്ഡലമാണ് ചേലക്കര. ഇപ്പോഴും തൃശൂര്‍ ജില്ലയിലെ ഏറ്റവും പിന്നാക്ക മണ്ഡലങ്ങളിലൊന്ന്. കൃഷി, നെയ്‌ത്ത്, കളിമണ്‍ പാത്രനിര്‍മാണം തുടങ്ങിയ പരമ്പരാഗത വ്യവസായം എന്നിവയൊക്കെയാണ് ജനങ്ങളുടെ തൊഴില്‍. എല്ലാ രംഗത്തും മുരടിപ്പാണ്. വികസനം എത്താന്‍ മടിക്കുന്ന ഗ്രാമങ്ങള്‍. ഭാരതപ്പുഴ കടന്നുപോകുന്ന മണ്ഡലമാണെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷം. നേതാക്കള്‍ എന്തെല്ലാം പ്രസംഗിച്ചാലും ജനം ചര്‍ച്ച ചെയ്യുന്നത് ഈ വികസന മുരടിപ്പിനെക്കുറിച്ചാണ്.
തിരുവില്വാമല ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് കെ. ബാലകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി ചെറുതുരുത്തി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ബാലകൃഷ്ണന്‍. 2005 മുതല്‍ ഗ്രാമ പഞ്ചായത്തംഗമാണ്. മണ്ഡലത്തില്‍ വ്യാപക പരിചയങ്ങളും ബന്ധങ്ങളും ഉള്ളയാളാണ് ബാലകൃഷ്ണന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചേലക്കരയില്‍ 37,000 വോട്ടുകള്‍ നേടിയിരുന്നു. ഈ കണക്കാണ് ബിജെപിക്ക് പ്രതീക്ഷ നല്കുന്നത്. പുതിയ വോട്ടര്‍മാര്‍ കൂടി ചേരുമ്പോള്‍ വിജയത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബാലകൃഷ്ണനും സഹപ്രവര്‍ത്തകരും.
മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് പ്രചരണം. ഇത് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നുണ്ട്. മൂന്ന് മുന്നണികളുടെയും ജില്ലാ – സംസ്ഥാന നേതാക്കള്‍ ചേലക്കരയില്‍ എത്തിയിട്ടുണ്ട്. രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ചേലക്കര വേദിയാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: