ബെംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഭാരതത്തിന് ഇനിയുള്ളത് ഏഴ് ടെസ്റ്റുകള്‍ മാത്രം. ഇതില്‍ അഞ്ചെണ്ണത്തില്‍ ജയിച്ചെങ്കിലേ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ. ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോട് തോറ്റത് പോയിന്റ് പട്ടികയില്‍ ഭാരതത്തിന്റെ ഒന്നാം സ്ഥാനത്തെ ബാധിച്ചിട്ടില്ല.
68.06 ശതമാനം പോയിന്റുമായാണ് ഭാരതം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാട്ടിലെത്തിയ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോല്‍ക്കുമ്പോഴുള്ള സ്ഥിതിയാണിത്. ജയത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡ് 44.44 ശതമാനം പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.
പരമ്പരയിലെ അടുത്ത മത്സരം പൂനെയിലാണ്. മൂന്നാം മത്സരം മുംബൈയിലും. ഈ രണ്ട് മത്സരങ്ങള്‍ക്ക് പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനത്തിന് പുറപ്പെടും. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി എന്ന പേരില്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന പ്രസിദ്ധമായ ഭാരതം-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ അടുത്ത കാലത്തായി അഞ്ച് മത്സരങ്ങളാണ് ഉള്പ്പെടുത്തിവരുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഭാരതത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ഓസ്ട്രേിലയ ആണ്. 62.5 പോയിന്റുള്ള അവര്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്ത് 55.56 ശതമാനം പോയിന്റുള്ള ശ്രീലങ്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: