Kerala

ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തിന്റെ ഗതിമാറ്റും: ബിജെപി

Published by

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തിന്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇന്‍ഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തില്‍ നടക്കുക. ജനങ്ങളുടെ ശബ്ദം നിയമസഭയില്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യമാണ് പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ മുന്നോട്ട്വെക്കുന്നത്. കേരളത്തില്‍ മൂന്നാം ബദല്‍ ഉയര്‍ന്നുവരുക തന്നെ ചെയ്യും.

കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയത് കേരളത്തിന്റെ പൊതുവികാരത്തിനെതിരാണ്. ക്രൈസ്തവസഭകളുടെ ആവശ്യം ഇടതുപക്ഷവും ഐക്യമുന്നണിയും പരിഗണിച്ചില്ല. വയനാട്ടില്‍ എന്‍ഡിഎ ചരിത്ര മുന്നേറ്റമുണ്ടാക്കും. കോണ്‍ഗ്രസിനെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ച് ആ പാര്‍ട്ടി വിട്ടുപോയവര്‍ തന്നെ പറയുന്നത് ജനങ്ങള്‍ കേള്‍ക്കുകയാണ്. കോണ്‍ഗ്രസ് ഒരു പ്രത്യേക വിഭാഗം നിക്ഷിപ്ത താത്പര്യക്കാരുടെ പാര്‍ട്ടിയായി മാറി. കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും കെ.മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും ചെന്നിത്തലയുടേയും അവസ്ഥയെന്താണെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസും-ബിജെപിയും തമ്മിലാണ് ഡീലെന്ന് പറയുന്ന എം.ബി. രാജേഷ് 2019ലെ തോല്‍വിയുടെ റിപ്പോര്‍ട്ട് മറക്കരുതെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചത് കൊണ്ടാണ് 2019ല്‍ രാജേഷ് തോറ്റതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2021 ലെ തെരഞ്ഞെടുപ്പിലും പാലക്കാട് സിപിഎം തോല്‍വിയുടെ പടുകുഴിയിലേക്ക് പോയി. ഷാഫി പറമ്പില്‍ ജയിച്ചപ്പോള്‍ എ.കെ ബാലന്‍ പറഞ്ഞത് ഞങ്ങള്‍ ശരിയായ നിലപാടെടുത്തുവെന്നാണ്. യഥാര്‍ത്ഥ ഡീല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ഞങ്ങള്‍ തല്‍സ്ഥിതി തുടരാം നിങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നാണ് അവര്‍ പറയുന്നത്.

വി.ഡി. സതീശന്റെ പേരിലുള്ള പുനര്‍ജനി കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് സിബിഐ അന്വേഷണ കാര്യത്തില്‍ അഭിപ്രായം ചോദിച്ചിട്ടും അവര്‍ ഒഴിഞ്ഞു മാറി. പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള സിബിഐ അന്വേഷണത്തിന് തടയിടുന്നത് സംസ്ഥാന സര്‍ക്കാരാണ്. പി.പി. ദിവ്യയുടെ കേസിലും ഇത് തന്നെ നടക്കും.

വയനാട് ദുരന്തം അടിയന്തര പ്രമേയമായി നിയമസഭയില്‍ വന്നപ്പോള്‍ വസ്തുതകള്‍ മനസിലാക്കാതെ വി.ഡി. സതീശന്‍ കേന്ദ്രസര്‍ക്കാരിനെതിരെ കള്ളം പറഞ്ഞു. കേന്ദ്രം നല്‍കിയ 728 കോടി രൂപ ഖജനാവില്‍ ഉണ്ടെന്നിരിക്കെയാണിത്. ഏഴുപതിറ്റാണ്ടായി ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിക്കുകയാണ്.

ശബരിമലയില്‍ സ്വാമിമാര്‍ക്ക് കുടിവെള്ളവും കിടക്കാന്‍ സൗകര്യവുമില്ല. ഇത് ട്രയല്‍ റണ്ണാണ്. മണ്ഡലകാലത്ത് അയ്യപ്പഭക്തരെ കഷ്ടപ്പെടുത്തനാണ് സര്‍ക്കാരിന്റെ നീക്കമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by