മുംബൈ: മഹാരാഷ്‌ട്രയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി മഹാവികാസ് അഘാഡി സഖ്യത്തില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതില്‍ കോണ്‍ഗ്രസിന് മെല്ലെപ്പോക്കാണെന്ന് ശിവസേന(യുബിടി) ആരോപിച്ചു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ ശേഷിയില്ല. തര്‍ക്കമുണ്ടാകുമ്പോള്‍ പട്ടിക ദല്‍ഹിക്ക് തുടരെ അയയ്‌ക്കുന്നുവെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് തുറന്നടിച്ചു. 260 സീറ്റില്‍ സമവായമായെന്ന് പിസിസി അധ്യക്ഷന്‍ നാനാപടോളെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ വിമര്‍ശനം. പടോളയുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്നാണ് ശിവസേനയുടെ തീരുമാനം. ഇതിനിടയില്‍ പത്തിലധികം സീറ്റുകള്‍ സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടതും സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നേക്കുമെന്നാണ് ഇരുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നത്. പന്ത്രണ്ട് സീറ്റുകള്‍ മഹാവികാസ് അഘാഡി നല്‍കിയിട്ടില്ലെങ്കില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് എസ്പിയുടെ മഹാരാഷ്‌ട്ര അധ്യക്ഷന്‍ അബു അസിം ആസ്മി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക