കോഴിക്കോട്: ആഗോളതലത്തില്‍ പുതിയകാലത്തിനാവശ്യമായ സാമ്പത്തിക ക്രമം പടുത്തുയര്‍ത്തുന്നതില്‍ കമ്യൂണിസം പരാജയപ്പെട്ടതായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്.
ആധുനിക കാലത്തിന്റെ മനസും വികസന ആവശ്യങ്ങളും മനസ്സിലാക്കാന്‍ കഴിയാതിരുന്നതിനാലാണ് ലോകത്ത് കമ്യൂണിസം പരാജയപ്പെട്ടത്. കേരളത്തിന്റെ വികസനമുരടിപ്പിന്റെ കാരണവും കമ്യൂണിസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള ഗസറ്റഡ് ഓഫിസേഴ്സ് സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനം താഴെത്തട്ടിലെത്തുന്നതിന് ഗസറ്റഡ് ഓഫിസര്‍മാരുടെ സംഭാവന പ്രധാനമാണ്. ചെറിയ വികസനം പോലും രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടും.
2047 വികസിത ഭാരതമെന്ന ലക്ഷ്യവുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നേറുകയാണ്. ഏതാനും വര്‍ഷത്തിനകം മൂന്നാംസാമ്പത്തിക ശക്തിയായി ഭാരതം മാറുമ്പോള്‍ കടമാണ് ഞങ്ങളുടെ മൂലധനം, കടം തരൂ അത് ഉപയോഗിച്ച് ഞങ്ങളെന്തെങ്കിലും ചെയ്യാം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബി. മനു അധ്യക്ഷനായിരുന്നു. വെബ്സൈറ്റ് ഉദ്ഘാടനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശന് നിര്‍വഹിച്ചു.
സിവില്‍ സര്‍വിസ് ക്ഷേമകരമായാല് മാത്രമേ ഏതൊരു സംസ്ഥാനവും ക്ഷേമരാജ്യം ആകുകയുള്ളുവെന്ന് ശിവജി സുദര്ശന് ഓര്‍മിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്, അനുമോദന യോഗം സി.പി.രാജേഷ്, യാത്രയയപ്പ് സമ്മേളനം എം.പി.രാജീവന്, സമാപനം പി.സുനില്‍ കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍.ദേവദാസ്, എസ്.കെ.ജയകുമാര്‍, ടി.ദേവാനന്ദന്, ടി.അനൂപ് കുമാര്‍, എം.കെ.സദാനന്ദന്, ടി.ഐ. അജയകുമാര്‍, ആര്.ഹരികൃഷ്ണന്, ദീപു പുന്നശ്ശേരി, പി.പുരുഷോത്തമന്, ബി.എസ്. ഭദ്രകുമാര്‍, എന്‍.സന്തോഷ് കുമാര്‍, ഇ.പി.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: