കൊച്ചി: പാലാരിവട്ടം റിനൈ കൊളോസിയത്തിന് മൂന്നു ദിവസമായി നടന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 60-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുഖ്യാതിഥിയായി.
മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യമുണ്ടാവില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങളുടേത്, ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തെ കേള്‍ക്കാന്‍ നിങ്ങള്‍ തയാറാവണം. സത്യം പുറത്ത് വരുന്നതിന് എതിരായി വരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. എല്ലാ ശബ്ദങ്ങളെയും കേള്‍ക്കാന്‍ സഹിഷ്ണുത കാട്ടണം. നിയന്ത്രിക്കാനാകില്ലെങ്കിലും സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് കാണാതായ അഭിഗേല്‍ സാറയെ കണ്ടെത്തിയതിലും ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചിലിലും മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയെ ജസ്റ്റിസ് അഭിനന്ദിച്ചു.
യോഗത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷനായി. ജന. സെക്രട്ടറി സുരേഷ് ഇടപ്പാള്‍, സിഐസിസി ജയചന്ദ്രന്, ബിജെപി സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാല്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് ഇ.എസ.് ജോണ്സണ്, എം.വി. വിനീത, ആര്. കിരണ്‍ ബാബു സംസാരിച്ചു.
രാവിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷയായി, ബെന്നി ബഹനാന് എം.പി, ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.എന്‍. ദിനകരന്, ബിജെപി സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാല്‍, റിനെ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസ്, കേരള പത്രപ്രവര്‍ത്തക യൂണിയന് ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബു, ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, നിയുക്ത പ്രസിഡന്റ് കെ.പി. റെജി, നിയുക്ത ജന. സെക്രട്ടറി സുരേഷ് എടപ്പാള്‍, സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് ആര്. ഗോപകുമാര്‍, ജന. കണ്‍വീനര്‍ എം. ഷജില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ ഭരണസമിതിയംഗങ്ങളായി പ്രസിഡന്റ്: കെ.പി. റജി (മാധ്യമം), വൈസ് പ്രസിഡന്റുമാര്‍: വിജേഷ് (മാതൃഭൂമി), കൃപ (ഫോര്‍ത്ത്), ജന. സെക്രട്ടറി: സുരേഷ് എടപ്പാള്‍(ജനയുഗം), സെക്രട്ടറിമാര്‍: ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), അഭിജിത്ത് (എസിവി), ബിനിത ദേവസി (മെട്രോ വാര്‍ത്ത), ട്രഷറര്‍: മധുസൂദനന് കര്‍ത്ത(മനോരമ) എന്നിവര്‍ ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: