അദ്ധ്യാപകനും ഗവേഷകനുമായ പ്രൊഫ.ഡോ.വി.എസ്. ശര്‍മ്മയുടെ ഏറ്റവും പുതിയ കൃതിയാണ് അഭിശ്രവണം: ഗ്രന്ഥകാരന്റെ നൂറാമത് മാനസപുത്രി. പല പ്രസിദ്ധീകരണങ്ങളിലായി പലപ്പോഴായിവന്ന പത്തുലേഖനങ്ങളുടെ സമാഹാരം. എല്ലാക്കാലത്തും ആദരവോടും കൃതജ്ഞതയോടുംകൂടി സമൂഹം കേള്‍ക്കേണ്ട വിശിഷ്ട വ്യക്തികളെക്കുറിച്ചുള്ള രചനകളാണ്.
ബഹുഭാഷാ പണ്ഡിതനും സാഹിത്യ രസികനും സംഗീതജ്ഞനും കലാനിരൂപകനുമായ ഡോ.ശര്‍മ്മയുടെ അഭിരുചികളുടെ വൈവിധ്യവും ഈ നിബന്ധങ്ങളിലൂടെ കടന്നുപോകുന്ന അനുവാചകന് തൊട്ടറിയാനാകും. ഇവിടെ ശ്രീമദ് ശങ്കരാചാര്യരുണ്ട്, ഭരതമുനിയുണ്ട്, ഗീതഗോവിന്ദകാരനായ ജയദേവനുണ്ട്… സ്വാതിതിരുനാള്‍, പുന്നശ്ശേരി നീലകണ്ഠശര്‍മ്മ, ആറ്റൂര്‍ കൃഷ്ണ പിഷാരോടി, കപിലവാത്സ്യായനന്‍… ഇങ്ങനെ പ്രശസ്തരും അത്ര പ്രശസ്തരല്ലെങ്കിലും മലയാളികള്‍ അറിഞ്ഞാദരിക്കേണ്ടവരുമായവരെയാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്. തങ്ങളുടേതായ സംഭാവനകൊണ്ട് മാനവരാശിയെ ഉന്നതിയിലേക്ക് നയിച്ചവരാണ് ഇവര്‍. ഇവരെക്കുറിച്ച് സാമാന്യമായി പറഞ്ഞുപോവുകയല്ല ഗ്രന്ഥകാരന്. പരാമൃഷ്ടരായ വ്യക്തികളുടെ ജീവിതം, കര്‍മമണ്ഡലം, ജീവിതദൗത്യം, വിശദീകരിക്കുകയാണ്. വേദവും വേദാന്തവും സംഗീതവും സാഹിത്യവും ഭരണനൈപുണ്യവും ചരിത്രവും മാറിമാറി അനുവാചകന്റെ മുന്നിലൂടെ കടന്നുപോകുന്നു. ഉച്ചസ്ഥായിയിലോ ശബ്ദകോലാഹലത്തിലൂടെയോ തന്റെ ചിന്തകള്‍ അടിച്ചേല്‍പ്പിക്കുകയല്ല ഗ്രന്ഥകാരന്റെ രീതി. പറയുന്നത് കരടില്ലാതെ, വ്യക്തമായി, ഋജുവായി, ഒരദ്ധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്ക് എന്നതുപോലെ, യുക്തികളോടും തെളിവുകളോടും ബോദ്ധ്യപ്പെടുത്തുകയാണ്. വിസ്തരിക്കേണ്ടിടത്ത് വിസ്തരിച്ചും ചുരുക്കേണ്ടിടത്ത് ചുരുക്കിയും.
പലപ്പോഴായി വിവാദങ്ങളുണ്ടാക്കിയ വിഷയങ്ങള്‍പോലും സമതുലിത നഷ്ടപ്പെടാതെ, ആവേശം തെല്ലുമേ ഇല്ലാതെ, തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്നു. ‘ദേശീയഗാനം’ എന്ന ലേഖനം ദൃഷ്ടാന്തം… ‘ജനഗണമന’ എന്നു തുടങ്ങുന്ന കവിത ബ്രിട്ടീഷ് രാജാവ് ജോര്‍ജ്ജ് അഞ്ചാമനെ പ്രകീര്‍ത്തിച്ച് വിശ്വമഹാകവി എഴുതിയതാണെന്ന് ഏതാനും വര്‍ഷംമുമ്പ് ആരോപണമുണ്ടായിരുന്നുവല്ലോ. ആ വാദം അടിസ്ഥാനപരമല്ലെന്ന് ശര്‍മ്മ സമര്‍ത്ഥിക്കുന്നു. 1911-ല്‍ ടഗോര്‍ എഴുതിയ ആ കവിത ആ വര്‍ഷം തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആലപിച്ചിട്ടുള്ളതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 1937-ലോ മറ്റോ ബ്രിട്ടീഷ് രാജാവിനെ വരവേല്‍ക്കുന്ന ഒരുഗാനം എഴുതിത്തരാന്‍ സുഹൃത്ത് പ്യൂലന്‍ ബിഹാരി സെന്‍ ടാഗോറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ആവശ്യം മഹാകവി നിരസിക്കുകയും ചെയ്തു. വസ്തുനിഷ്ഠമായാണ് ലേഖകന്‍ കാര്യങ്ങള്‍ വിസ്തരിക്കുന്നത്. ‘ജനഗണമന’യോടൊപ്പം ആദരിക്കപ്പെടുന്ന ‘വന്ദേമാതര’ത്തെപ്പറ്റിയും ലേഖനത്തില്‍ പറയുന്നു. രണ്ടു ഗാനങ്ങളുടെയും പൂര്‍ണരൂപം ചേര്‍ത്തിട്ടുമുണ്ട്.
സ്വാതിതിരുനാളും അദ്ദേഹത്തിന്റെ കൃതികളും സംബന്ധിച്ച ഒരു തര്‍ക്കവും പതിറ്റാണ്ടുകള്‍ക്കുമുമ്പ് മലയാളികള്‍ ”ആഘോഷി’ച്ചിരുന്നതാണല്ലോ. സ്വാതിതിരുനാര്‍ എന്നൊരാള്‍ ജീവിച്ചിരുന്നേയില്ല എന്നിടത്തോളം പോയ ആ വാദമുഖങ്ങള്‍ക്ക് ശര്‍മ്മ അന്നുതന്നെ മറുപടി നല്‍കിയിരുന്നു. കെട്ടടങ്ങിയ അതിനെപ്പറ്റി ഇനിയും ഒരു വൃഥാ വ്യായാമം വേണ്ട എന്നുകരുതിയാവാം, സ്വാതിതിരുനാള്‍ എന്ന ലേഖനത്തില്‍ അതൊന്നും ഏറ്റുപിടിച്ചിട്ടില്ല.
‘ഹൃദയസ്പര്‍ശിയായ അനുസ്മരണം’ എന്ന് അവതാരികയില്‍ അശ്വതി തിരുനാള്‍ ലക്ഷ്മിബായ് വിശേഷിപ്പിച്ച, ഇതിലെ പത്താമത് ലേഖനം, നിശ്ചയമായും വികാര നിര്‍ഭരതകൊണ്ട് വേറിട്ടുനില്ക്കുന്നു. ‘മാതൃദേവോ ഭവ’, ‘പിതൃദേവോ ഭവ’ എന്ന രണ്ടുഭാഗങ്ങളുള്ള ആ രചന മാതാപിതാക്കള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ്. ആത്മകഥയായ ‘ദേവയാന’ത്തില്‍ ഈ ഗുരുജനങ്ങളുടെ വിയോഗം തനിക്കേല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് എഴുതിയിരുന്നത് ഓര്‍ക്കുന്നു. ആ വിവരണത്തിന്റെ തുടര്‍ച്ചപോലുണ്ടിത്. എന്നാലും അവിടെ രണ്ടുതുള്ളി കണ്ണീര്‍ക്കണങ്ങളാണെങ്കില്‍ ഇവിടെ അമര്‍ത്തിവെച്ച ദുഃഖത്തിന്റെ ബഹിര്‍സ്ഫുരണമാണ്.
ആറ്റൂര്‍ കൃഷ്ണപിഷാരോടി, കപിലവാത്സ്യായനന്‍, അഷ്ടപദിയാട്ടം തുടങ്ങിയവയാണ് മറ്റുലേഖനങ്ങള്‍. ഓരോന്നും മലയാളികള്‍, പ്രത്യേകിച്ച് പുതിയ തലമുറ, ഓര്‍ത്തുവയ്ക്കേണ്ട വിലപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഗ്രന്ഥകാരന്റെ ജീവിതസൂചികയും രചനകളും അനുബന്ധമായുണ്ട്. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനകരമാണത്. ‘അനുദര്‍ശനം അസാധ്യമായി, അഭിശ്രവണം മാത്രമായി’ കഴിയുകയാണെന്ന് ഈ കൃതിയുടെ നന്ദിയില്‍ മാഷ് എഴുതുന്നുണ്ട്. ആ വൈകല്യത്തില്‍നിന്ന് ഈ പണ്ഡിതന് സുഖംപ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തില്‍നിന്ന് കൈരളിക്ക് ഇനിയും അമൂല്യമായ സംഭാവനകള്‍ ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: