തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടീനടന്മാരുടെ ഗുരുനാഥനാണ് തിക്കുറിശ്ശി സുകുമാരന്‍ നായരെന്ന് ചലച്ചിത്രനടി ഷീല. നൂതന ഭാവാഭിനയ പാഠവും ജീവിതത്തില്‍ പതറാതെ സധൈര്യം മുന്നോട്ടു പോകുവാനും പഠിപ്പിച്ച ഗുരുനാഥനാണ് തിക്കുറിശ്ശിയെന്നും ഷീല പറഞ്ഞു.
തിക്കുറിശ്ശി ഫൗണ്ടേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബേബിമാത്യു സോമതീരം അധ്യക്ഷനായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറ്റിയെട്ടാം ജന്മദിനാഘോഷവും പതിനേഴാമത് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങും ഷീല ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ വി. പൊഴിയൂര്‍ രചിച്ച് ഡോ.വാഴമുട്ടം ചന്ദ്രബാബു ഈണം പകര്‍ന്ന് ആരോമല്‍ എ.ആര്‍ ആലപിച്ച തിക്കുറിശ്ശി സ്മരണാഞ്ജലിയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു.
സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവന പരിഗണിച്ച് ഡോ. ജോര്‍ജ് ഓണക്കൂറിനെ ഷീല ആദരിച്ചു. ഫൗണ്ടേഷന്‍ അംഗം പവ്യ ജെ.എസിന്റെ റജീന റിനാറ്റ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ഷീല പ്രകാശനം ചെയ്തു. സതേണ്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ ഓഫീസര്‍ എം.പി ലിബിന്‍ രാജ് പുസ്തകം സ്വീകരിച്ചു. തിക്കുറിശ്ശി അനുസ്മരണ ക്വിസ്, ഗാനാലാപന, ചിത്രരചന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ചലച്ചിത്ര സംവിധായകരായ ബാലുകിരിയത്ത്, വിജയകൃഷ്ണന്‍, വിപിന്‍മോഹന്‍, ഗവണ്‍മെന്റ് മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി കെ. സുദര്‍ശനന്‍, നാടകകൃത്തും സംവിധായകനുമായ രാജീവ് ഗോപാലകൃഷ്ണന്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ് ബി.മോഹനചന്ദ്രന്‍ നായര്‍, സെക്രട്ടറി രാജന്‍ വി. പൊഴിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: