ന്യൂഡല്‍ഹി: വ്യക്തി നിയമങ്ങള്‍ കൊണ്ട് ശൈശവ വിവാഹ നിരോധനനിയമത്തെ മരവിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജീവിതപങ്കാളിയെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ശൈശവ വിവാഹത്തിലൂടെ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
ശൈശവ വിവാഹ നിരോധനനിയമം ഫലപ്രദമായി നടപ്പാക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചു. വ്യക്തി നിയമങ്ങള്‍ കൊണ്ട് ശൈശവ വിവാഹ നിരോധനനിയമം മരവിപ്പിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹം തടയുന്നതിനും പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അധികാരികള്‍ പ്രാധാന്യം നല്‍കണമെന്നും കോടതി പറഞ്ഞു. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ വര്‍ഷമാണ് ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് അസം സര്‍ക്കാര്‍ രംഗത്തെത്തിയത്. 2023 ഫെബ്രുവരിയില്‍ നിയമലംഘനം നടത്തിയ 1800 പേരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹ നിരോധന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി തന്നെ സ്വീകരിക്കുമെന്നും യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. മാതൃമരണനിരക്കും ശിശുമരണനിരക്കും അസമില്‍ കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: