Kerala

ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയിലും വ്യാജനെന്ന് പോലീസ്

Published by

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ്.

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്‌ക്ക് വാഹനങ്ങള്‍ നല്കാമെന്ന് പ്രചരിപ്പിക്കുന്നത്.

വ്യാജ ബുക്കിങ് ഓഫറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും.

ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസം.

വളരെ വിലകുറഞ്ഞ വിലയ്‌ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by