കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളുടെ മൊഴി.
പി പി ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളില്‍ വ്യക്തമാക്കുന്നു.നവീന്‍ ബാബു മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊലീസിനെ അറിയിച്ചു.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷവും ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. പ്രശാന്തന്‍ മാത്രമല്ല ഗംഗാധരന്‍ എന്ന മറ്റൊരു സംരംഭകന്‍ കൂടി എ ഡി എമ്മിനെതിരെ പരാതി പറഞ്ഞിട്ടുണ്ടെന്നാണ് തന്റെ ആരോപണത്തിന് പിന്‍ബലമേകാന്‍ പി പി ദിവ്യ ഇപ്പോള്‍ പറയുന്നത്.
പരിപാടിയില്‍ ക്ഷണിക്കാതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് ആ യാത്രയയപ്പ് ചടങ്ങിലേക്ക് വന്നതെന്നുമാണ പി പി ദിവ്യയുടെ മറ്റൊരു വാദം. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനെ കൂടി സംശയനിഴലില്‍ നിര്‍ത്തുന്നതാണ് ഈ വാദം.
ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്‌ക്ക് കേസെടുത്തതിന് പിന്നാലെയാണ് വിവാദ ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ പൊലീസ് ഇതുവരെ വിളിപ്പിച്ചിട്ടില്ല. കേസില്‍ പ്രതി ചേര്‍ത്തിട്ടും ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം കോടതിയില്‍ നല്‍കാനുളള സാവകാശം ചെയ്ത് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക