തിരുവനന്തപുരം: സമൂഹത്തിലെ എല്ലാവിഭാഗക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണങ്ങളുടെ മൂല്യം ഉയര്‍ത്താനുള്ള സമയമാണിതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ശാസ്ത്ര സാങ്കേതിക ഇന്നൊവേഷന് പരിപാടിയുടെ കീഴില്‍ വിജ്ഞാന്‍ഭാരതി, സ്വദേശി സയന്‍സ് മൂവ്മെന്റ് എന്നിവയുടെ സഹകരണത്തോടെ ആര്‍ജിസിബിയില്‍ സംഘടിപ്പിച്ച എസ്സി/എസ്ടി ഫാര്‍മേഴ്സ് ആന്‍ഡ് ആര്‍ട്ടിസാന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ശാസ്ത്ര സാങ്കേതിക വകുപ്പിന് വലിയ പ്രാധാന്യം ലഭിച്ചു. ബയോടെക്നോളജി മേഖലയ്ക്ക് മുന്‍ഗണനയും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ നവീകരണവും കൊണ്ടുവന്നു. 2014ല്‍ 50 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 9000 ത്തിലേക്കെത്തി. അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതകള്‍ തുറന്നു കിട്ടി. 10 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ബയോ ഇക്കോണമി 130 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് എസ്ടി ഹബ്ബുകള്‍ രൂപീകരിച്ചത്. കാര്‍ഷിക രംഗത്തെ പുതിയ വ്യാവസായിക വിപ്ലവത്തിന്റെ നേതൃത്വവും ഭാരതത്തിനായിരിക്കുമെന്നും മുഴുവന്‍ കര്‍ഷ സമൂഹവും ഇതില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് കൗണ്‍സില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക് ആര്‍ജിസിബി), സ്വദേശി സയന്‍സ് മൂവ്മെന്റ്കേരള (എസ്എസ്എംകെ) പദ്ധതികളുടെ ഗുണഭോക്താക്കളായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരായ മുന്നൂറോളം കര്‍ഷക സംരഭകരാണ് സംഗമത്തില്‍ പങ്കെടുത്തത്. ബ്രിക് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു. വിഎസ്സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍, സിഎസ്ഐആര്‍ ഡയറക്ടര്‍ സി. അനന്തരാമകൃഷ്ണന്‍, വിജ്ഞാന് ഭാരതി ദേശീയ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി പ്രവീണ്‍ രാംദാസ്, സെക്രട്ടറി പി.എ. വിവേകാനന്ദ പൈ, സ്വദേശി സയന്‍സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍ജിസിബി ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായുള്ള കമ്യൂണിറ്റി എന്റര്‍പ്രൈസസ് യൂണിറ്റുകളായ വയനാട്ടിലെ വിയാന എസ്ടി ഗോത്ര വനിതാ സ്വാശ്രയ സംഘം, തിരുവനന്തപുരത്തെ അഗസ്ത്യ അച്ചാര്‍ യൂണിറ്റ്, ഗോത്ര വനവാസി സംഘം, ഇടുക്കിയിലെ ആവണി ഗോത്ര വര്‍ഗ സ്വാശ്രയ സൊസൈറ്റി, കുളത്തൂപ്പുഴയിലെ ഭാസ്കര്‍റാവു പുരുഷ എസ്എച്ച്ജി ആദിവാസി സ്വയം സഹായ സംഘം, ഇടുക്കിയിലെ നന്മ എസ്ടി കുടുംബശ്രീ ഔഷധസസ്യ സംസ്കരണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
‘ദി ടേസ്റ്റ് ഓഫ് ദി വൈല്‍ഡ് എത്നിക് ഫുഡ് ആന്‍ഡ് വൈല്‍ഡ് എഡിബിള്‍സ് ആന്‍ ഇന്‍വെന്ററി’, ‘റിവൈറ്റലൈസിങ് ട്രൈബല്‍ ട്രഡീഷന്‍സ്: ഇനിഷിയേറ്റിവ്സ് ഫോര്‍ സസ്റ്റൈനബിള്‍ വികസിത് ഭാരത്’ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള പ്രശസ്തിപത്രവും അദ്ദേഹം വിതരണം ചെയ്തു. കര്‍ഷക സംഗമത്തിന്റെ ഭാഗമായി വനത്തില്‍ നിന്നുള്ള 50 കാട്ടുകിഴങ്ങ് വര്‍ഗങ്ങളും വയനാട്ടില്‍ നിന്നുള്ള 60 നെല്ലിനങ്ങളും ഉള്‍ക്കൊള്ളുന്ന എക്സ്പോയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: