ഗാസ: ഹമാസിന്റെ മുഖ്യ സൂത്രധാരനും തലവനുമായ യഹിയ സിന്‍വാര്‍ ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് ജീവനെടുത്ത ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ആസൂത്രകനെയാണ് സൈന്യം വധിച്ചത്. ഡിഎൻഎ പരിശോധനകളടക്കം പരിശോധിച്ച ശേഷമാണ് യഹിയ സിൻവറിന്റെ മരണം ഇസ്രായേൽ ഉറപ്പാക്കിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിൻവാർ ഇസ്രായേൽ ബന്ദികൾക്കിടയിൽ ഒളിച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇസ്രായേലിന് സിൻവാറിനെ എളുപ്പത്തിൽ കൊലപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. നേരത്തെയും സിൻവാർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നുവെങ്കിലും അത് സ്ഥിരീകരിക്കാൻ ഇസ്രായേലി സൈന്യത്തിന് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ചിത്രങ്ങളിൽ സിൻവാറിനെ പോലെ തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ തലയുടെ ഒരു ഭാഗം തകര്‍ന്ന നിലയിലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഹമാസ് തലവൻ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
ഹമാസ് തലവനെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. യഹിയ സിൻവാർ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് റാഫയിൽ വച്ച് അദ്ദേഹത്തെ വധിച്ചത്. തിന്മയ്‌ക്ക് ഇസ്രയേല്‍ വൻ തിരിച്ചടി നല്‍കി. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെന്നും തുടക്കമാണെന്നും നെതന്യാഹു പറഞ്ഞു.
ലോകത്തിനും ഇസ്രയേലിനും വളരെ നല്ലൊരു ദിവസമാണ് ഇതെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്റെ പ്രതികരണം. ഹമാസ് നേതാക്കളെ നിർദാക്ഷിണ്യം പിന്തുടരാൻ അമേരിക്കൻ ഇന്‍റലിജൻസ് ഇസ്രയേൽ പ്രതിരോധ സേനയെ സഹായിച്ചെന്നും ബൈഡൻ പറഞ്ഞു. ഭീകരരെ ഉന്മൂലനം ചെയ്യാൻ ഇസ്രയേലിന് എല്ലാ അവകാശവുമുണ്ട്.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ടത്. എത്ര കാലമെടുത്താലും ലോകത്തെവിടെയും ഒരു തീവ്രവാദികൾക്കും നീതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു. 2011 ൽ ഒസാമ ബിൻ ലാദനെ വധിച്ചതിന് സമാനാണ് ഹമാസ് തലവന്റെ കൊലപാതകമെന്നും, തന്റെ ഇസ്രയേലി സുഹൃത്തുക്കൾക്ക് ഇത് ആശ്വാസത്തിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിവസമാണെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു.
ഗാസ വെടിനിർത്തലിനും ബന്ദികളെ വിട്ടയ്‌ക്കാനുള്ള ഇടപാടിനുമുണ്ടായിരുന്നു പ്രധാന തടസം നീങ്ങിക്കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ളൊരു അവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പറഞ്ഞു.
‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹ്യ ഗാസ ആസ്ഥാനമായാണ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ജൂലൈ 31 ന് ഇസ്മായിൽ ഹനിയയുടെ മരണശേഷമാണ് യഹ്യ സിൻവാറിന് ഹമാസിന്റെ കമാൻഡർ സ്ഥാനം ലഭിച്ചത് .1962ൽ ഗാസ മുനമ്പിലെ അഭയാർത്ഥി ക്യാമ്പിലാണ് സിൻവാർ ജനിച്ചത്. ഇസ്രായേൽ മൂന്ന് തവണ സിൻവാറിനെ അറസ്റ്റ് ചെയ്തിരുന്നു, എന്നാൽ 2011 ൽ ഒരു ഇസ്രായേൽ സൈനികന് പകരമായി 127 തടവുകാരോടൊപ്പം സിന്വാറിനെ ഇസ്രായേലിന് മോചിപ്പിക്കേണ്ടിവന്നു. 2015 സെപ്റ്റംബറിൽ അമേരിക്ക സിൻവാറിന്റെ പേര് അന്താരാഷ്‌ട്ര ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക