ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമ നിര്‍മാണം നടത്താനും അവ കര്‍ശനമായി നടപ്പാക്കാനുമുള്ള യുപി, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം സ്വാഗതാര്‍ഹം തന്നെ. മറ്റു സര്‍ക്കാരുകള്‍ക്കും അനുകരിക്കാവുന്നതുമാണ്. മലിനീകരണം വായുവിനെയും ജലത്തെയും മണ്ണിനേയും ബാധിക്കുമ്പോള്‍ അത് സ്വാഭാവികമായും ഭക്ഷ്യ ഉല്‍പ്പന്നങ്ങളെയും ബാധിക്കും. കീടനാശിനികളുടെ അമിത ഉപയോഗം ഇവയില്‍ വിഷത്തിന്റെ അംശം കലര്‍ത്തുകയും ചെയ്യും. ഇതിനൊക്കെ പുറമെയാണ്, പാകം ചെയ്ത ഭക്ഷണത്തിലെ മാലിന്യം. ഇവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കുക അസാധ്യമായിരിക്കാം. കര്‍ശന നിയമ വ്യവസ്ഥയിലൂടെ ഇവയെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. പാകം ചെയ്ത ഭക്ഷണത്തില്‍, മതവിശ്വാസത്തിന്റെ പേരില്‍, തുപ്പുന്ന സമ്പ്രദായവും ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെതിരെ വലിയ പരാതി ഉയരുകയും ചെയ്തു. സാമൂഹിക ആരോഗ്യത്തിന് കനത്ത വെല്ലുവിളിയാണ് ഈ രീതി. പ്രത്യേകിച്ച് സാംക്രമിക രോഗങ്ങള്‍ പെരുകുന്ന ഇക്കാലത്ത്. ക്ഷേത്രങ്ങളിലെ പ്രസാദത്തില്‍ അടക്കം മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉള്‍പ്പെടുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇതിന് വലിയ പ്രാധാന്യവുമുണ്ട്. സമൂഹത്തില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കാനും പരസ്പര സ്പര്‍ദ്ധ വളര്‍ത്താനും ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകും.
ഭക്ഷണം പാകം ചെയ്യല്‍ സുതാര്യമാക്കുക എന്നതാണ് ഇതിനുള്ള ഒരു പോംവഴിയായി ഈ സര്‍ക്കാരുകള്‍ കാണുന്നത്. ഭക്ഷണശാലയില്‍ എത്തുന്നവര്‍ക്ക്, തങ്ങള്‍ക്കു കിട്ടുന്ന ഭക്ഷണം ശുദ്ധവും വൃത്തിയുള്ളതുമാണെന്ന് ബോധ്യം വരണം. അതിന് സുതാര്യത വേണം. ഒപ്പം, വിശ്വാസ്യതയും. യുപിയിലെ കണ്വാരിയ തീര്‍ത്ഥാടന പാതയിലെ ഭക്ഷണശാലകള്‍ ഉടമയുടെയും ജീവനക്കാരുടെയും പേര് വിവരം പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി. സംസ്ഥാനത്തെ എല്ലാ ഭക്ഷണശാലകളും ഉടമയുടെയും നടത്തിപ്പുകാരുടെയും ജീവക്കാരുടെയും പേരും വിലാസവും ശ്രദ്ധേയമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് പുതിയ നിയമത്തിലെ ചട്ടം. ഉത്തരാഖണ്ഡും ഇത് അനുകരിക്കാന്‍ ഒരുങ്ങുകയാണ്. നിയമം ലംഘിച്ചാല്‍ കനത്ത പിഴ അടക്കം കര്‍ശന ശിക്ഷ ഉറപ്പാക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് പുതിയ നിയമനിര്‍മാണം നടത്താനും നീക്കമുണ്ട്.
ആരോഗ്യപൂര്‍ണമായ സമൂഹമാണ് ഏതൊരു നാടിന്റെയും ശക്തി. അതിന് ആരോഗ്യമുള്ള ജനങ്ങള്‍ വേണം. ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവും കൈവരിക്കാന്‍ സമൂഹത്തില്‍ സമാധാനവും സ്നേഹവും പരസ്പര ധാരണയും നിലനില്‍ക്കണം. അതിന് ഏറെ പ്രധാനമാണ് സംശുദ്ധവും സുലഭവുമായ ജലവും വായുവും ഭക്ഷണ വസ്തുക്കളും. അതിലേക്കാണ് യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ പുതിയ കാല്‍വയ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: