India

ബംഗ്ലൂരുവില്‍ ഇനി പറക്കും ടാക്‌സികള്‍; ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ്

Published by

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്നാണ് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം, ഇതിന്റെ സാധ്യത പഠിക്കാന്‍ ഇരു കമ്പനികളും സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു.

വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ അവതരിപ്പിച്ച് നഗര യാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കും. പുതിയ പദ്ധതി യാഥാര്‍ഥ്യമായാല്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്താം.  52 കിലോമീറ്റർ ദൂരം വെറും 19 മിനിറ്റിനുള്ളിൽ മറികടക്കാൻ കഴിയും, തിരക്കുള്ള സമയത്തെ നിലവിലെ യാത്രാ സമയത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് മണിക്കൂർ. ഈ സേവനത്തിന് 1700 രൂപയാണ് നിരക്ക്.

അഡ്രിയാന്‍ ഷ്മിത്ത്, രാകേഷ് ഗോങ്കര്‍, ശിവം ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നാല് നഗരങ്ങളായ ബെംഗളൂരു, മുംബൈ, ഡല്‍ഹി, പുനെ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സരള ഏവിയേഷന്‍ പദ്ധതിയിടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക