പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നില്‍ കേരളം ഞെട്ടുന്ന സത്യങ്ങള്‍ ഉണ്ടെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഒരുപാട് മാനസികപീഡനങ്ങൾക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരണത്തിലേക്ക് പോയതെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്നും അൻവർ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭര്‍ത്താവ്. ശശിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകളുണ്ട്. പുതിയ പമ്പുകൾ നിര്‍മിക്കുന്നുമുണ്ട്. അതില്‍ ഒരു പമ്പിന്റെ ബെനാമിയാണ് ദിവ്യയുടെ ഭര്‍ത്താവെന്നും അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി താന്‍ അന്വേഷിച്ച് അറിഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ കേരളം ഞെട്ടും. ഈ എഡിഎം സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല. അമിതമായ പി. ശശിയുടെ ഇടപെടലുകളെ നവീന്‍ എതിര്‍ത്തിട്ടുണ്ട്. ശശിയുടെ ഇംഗിതത്തിനു വഴങ്ങാത്ത ഓഫീസറായിരുന്നു നവീന്‍. എഡിഎമ്മിന്റെ ആവശ്യപ്രകാരമാണ് സ്ഥലമാറ്റം കൊടുക്കുന്നത്. ശശിയുടെ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനുള്ള മാനസികാവസ്ഥയില്ലെന്നും പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് എഡിഎമ്മിനു സ്ഥലമാറ്റം കൊടുത്തത്. ആ മാറിപോകുന്ന ഘട്ടത്തിലാണ് ഇവനൊരു പണികൊടുക്കണമെന്ന് പി. ശശി ആലോചിക്കുന്നത്.
ഒരു കൈക്കൂലിക്കാരനാണ് സ്ഥലംമാറിവരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനുള്ള ആയുധമാക്കാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ശശി ഉപയോഗിച്ചത്. ഇതിനില്‍ പിന്നുലുണ്ടായ കാര്യങ്ങളില്‍ കൃത്യമായ പോലീസ് അന്വേഷണം അല്ല നടക്കുന്നത്. ഇപ്പോള്‍ നടക്കുന്നത്, എഡിഎം അഴിമതിക്കാരനാണെന്ന് പറഞ്ഞ് മുന്‍പ് പരാതി കിട്ടിതായി കള്ളപരാതിയുണ്ടാക്കി അതിനു രജിസ്റ്റര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം.
ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഈ നാടിന്റെ ഗുണ്ടായിസത്തിന്റെ തലവനാക്കി വാഴിക്കുന്ന അവസ്ഥയിലെത്തിയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: