പത്തനംതിട്ട: ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍. ഒരാളെയും കുത്തിനോവിക്കാനോ ആരെയും മുറിവേല്‍പ്പിക്കാനോ കഴിയാത്ത നവീനെയാണ് താന്‍ കണ്ടിട്ടുള്ളതെന്ന് ദിവ്യ പ്രതികരിച്ചു.പത്തനംതിട്ട കളക്‌ട്രേറ്റിലെത്തി നവീന് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ദിവ്യ.
ഒരു കുടുംബം പോലെ ങ്ങങ്ങളോടൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ഒരു പാവത്തനായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് ആളുകള്‍ക്ക് ഭക്ഷണം അടക്കം എത്തിക്കാന്‍ രാവും പകലും നിര്‍ലോഭം പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. സര്‍ക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥയെന്ന നിലയില്‍ തനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ദിവ്യ പ്രതികരിച്ചു.
കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിലും നവീൻ ബാബുവിനെ അനുസ്മരിച്ച് ദിവ്യ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട കളക്ടറായി സേവനം അനുഷ്ടിക്കുന്ന സമയത്ത് എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ നവീന്‍ ബാബുവിന്റെ പ്രവര്‍ത്തനമെന്ന് ദിവ്യ എസ് അയ്യര്‍ നവീനൊപ്പം നില്‍ക്കുന്ന പഴയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: