ന്യൂദല്‍ഹി: കേരളത്തിലെ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വന കാര്യാലയ മന്ത്രാലയത്തിന്റെ അംഗീകാരം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിയാണ് അംഗീകരിച്ചത്.
നാഷണല്‍ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ശിപാര്‍ശയോടെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 2019 ലെ കോസ്റ്റല്‍ റെഗുലേഷന് സോണ്‍ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള തീരുമാനങ്ങളാണ് അംഗീകരിച്ചത്. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ഒരു മാസത്തിനകം ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിക്കും.
കേരളത്തില്‍ 2011ലെ വിജ്ഞാപനമനുസരിച്ചാണ് നിലവില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത്. 2019 വിജ്ഞാപനമനുസരിച്ച് മുനിസിപ്പാലിറ്റികള്‍, ജനസാന്ദ്രതയുള്ള പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സിആര്‍ഇസഡ് രണ്ട് അനുസരിച്ച് 50 മീറ്റര്‍ പരിധിക്കിപ്പുറം വീടുകള്‍ക്ക് നിര്‍മാണ അനുമതി ലഭ്യമാകും. 2011ലെ വിജ്ഞാപനമനുസരിച്ച് ഇത് 200 മീറ്ററായിരുന്നു. ഇത് മൂലം ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച ആയിരക്കണക്കിനാളുകള്‍ക്ക് വീട് നിര്‍മാണം നടത്താനായില്ല.
2019ലെ കേന്ദ്രവിജ്ഞാപനമനുസരിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2024ലാണ് കേരള കോസ്റ്റല്‍ അതോറിറ്റി കേന്ദ്ര അനുമതിക്ക് സമര്‍പ്പിച്ചത്. ഈ കാലതാമസത്തിനെതിരെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പിടിപ്പുകേടാണ് പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് കാലതാമസം നേരിടാന്‍ കാരണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: