ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫിനെ വേദിയിലിരുത്തി ഭീകരതയ്ക്കെതിരേ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇസ്ലാമാബാദിലെ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് (എസ്സിഒ) കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്മെന്റിന്റെ 23-ാമത് യോഗം ഷെഹബാസ് ഷെറീഫ് ഉദ്ഘാടനം ചെയ്ത ഉടനെയായിരുന്നു ജയശങ്കറിന്റെ പ്രസംഗം.
അതിര്‍ത്തി കടന്നുള്ള തീവ്രവാദവും ഭീകരതയും വിഘടനവാദവും പ്രോത്സാഹിപ്പിച്ചാല്‍ അതൊരിക്കലും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിനോ ഊര്‍ജ വിതരണത്തിനോ സഹായിക്കില്ല. ഈ മൂന്നു തിന്മകള്ക്കെതിരേ ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിനെയും ജയശങ്കര്‍ വിമര്‍ശിച്ചു. കണക്ടിവിറ്റി പദ്ധതികള്‍ നടപ്പാക്കുന്നത് പരസ്പര ബഹുമാനത്തോടെയും രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ചുമാകണം. മേഖലയിലെ ഏകപക്ഷീയമായ നീക്കങ്ങള്‍ അംഗീകരിക്കില്ല. അല്ലാത്ത പക്ഷം ഇതു പരസ്പര സൗഹൃദവും വിശ്വാസവും കുറയാനിടയാക്കും. നല്ല അയല്‍ക്കാരെ സൃഷ്ടിക്കാനായില്ലെങ്കില്‍ രാഷ്ട്രങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച വൈകിട്ട് പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങിയ ജയശങ്കര്‍ ഷെഹബാസ് ഷെറീഫിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു. ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: