തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിനെതിരെ വാളെടുത്ത് ഇടത് സൈബര്‍ പോരാളികള്‍.
നവീന്‍ ബാബുവിനെ അഴിമതിക്കാരനായും വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ചിത്രീകരിക്കാന്‍ ശ്രമം. അപ്പോഴും ചര്‍ച്ചയാകുന്നത് സിപിഎമ്മിന് പിരിവ് നല്‍കാത്തതിന് ആയിരക്കണക്കിന് സംരംഭങ്ങള്‍ പൂട്ടിച്ചും പ്രതികാരമായി സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സിപിഎം ക്രൂരതകളും.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അര്‍ബുദരോഗം ബാധിച്ച് മരിച്ച ദളിത് അവകാശ പ്രവര്‍ത്തക ചിത്രലേഖയുടെ ഓട്ടോറിക്ഷ 2005ല്‍ കത്തിച്ചും അവരെ ഊരുവിലക്കിയും സിഐടിയുവും സിപിഎമ്മും നടത്തിയത് കൊടും ക്രൂരതകളായിരുന്നു. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കാന്‍ സിഐടിയു അനുവദിച്ചില്ല. ജാതി അവഹേളനങ്ങള്‍ നേരിട്ടെന്ന് ചിത്രലേഖ പരാതിപ്പെട്ടതോടെ ചിത്രലേഖക്കെതിരെ തുടരാക്രമങ്ങളുണ്ടായി. ഊരുവിലക്കി. ഭൂമിയും വീടുയ്വക്കാന് ധനസഹായവും നല്കിയ സര്‍ക്കാര്‍ തീരുമാനം ഒന്നാം പിണറായി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ വര്‍ഷവും അവരുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷ കത്തിനശിച്ചിരുന്നു.
2019 ജൂണ്‍ 18ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പാര്‍ത്ഥ കണ്വന്ഷന് സെന്റര്‍ നിര്‍മിച്ച പ്രവാസി വ്യവസായി സാജന് പാറയിലാണ് മറ്റൊരു ഇര. ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ആന്തൂര്‍ നഗരസഭാ അധ്യക്ഷയും ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെന്ന് സാജന്റെ കുടുംബം പറയുന്നു. 10 കോടി ചെലവാക്കിയ കണ്വന്ഷന് സെന്ററിന് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് നിഷേധിച്ചു. ഓരോന്ന് പരിഹരിക്കുമ്പോഴും കൂടുതല്‍ നിയമലംഘനമെന്ന് പറഞ്ഞ് നഗരസഭ നിരന്തരം നോട്ടീസ് അയച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടു. സാജന്റെ മരണശേഷവും കുടുംബത്തെ പിന്തുടര്ന്നു സിപിഎം ആക്രമിച്ചു.
സിപിഎമ്മും കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബുമായുള്ള തര്‍ക്കവും അതിനെത്തുടര്‍ന്ന് കിറ്റക്സ് ഗ്രൂപ്പിന്റെ പുതിയ ഫാക്ടറി തെലങ്കാനയ്ക്ക് മാറ്റിയതും ഏറെ ചര്‍ച്ചയായിരുന്നു. തര്‍ക്കം നടക്കവെ തന്നെ കിറ്റെക്സില്‍ നിന്നും സിപിഎം 30 ലക്ഷം രൂപ സംഭാവന വാങ്ങി. രണ്ടുവര്‍ഷം മുമ്പ് അടൂരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് തുടങ്ങിയ സ്ഥാപനം തുറക്കാന്‍ സിപിഎം നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വ്യാപാരി പ്രവാസിയായിരുന്ന മാഹീന് രംഗത്ത് എത്തിയിരുന്നു.
കോട്ടയം തിരുവാര്പ്പിലില് പ്രവാസിയായ ബസ് ഉടമ രാജ്മോഹന്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങളള് നീക്കാന്‍ ശ്രമിച്ചപ്പോള്‍ രാജ്മോഹനെ സിഐടിയു നേതാവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
‘ഞങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നത്, കൊല്ലാന്‍ മടിയില്ല’എന്ന് വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയെ സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയത് 2022ലാണ്. 2019ല്‍ ഓണസദ്യയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ എറണാകുളം എസ്ആര്‍എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെ മഹാരാജാസ് കോളജിലെ എസ്എഫ്ഐക്കാര്‍ ആക്രമണം നടത്തിയത്. ഇതെല്ലാം സിപിഎമ്മിന്റെയും പോഷക സംഘടനയുടെയും സംരംഭകരോടുള്ള ക്രൂരതകളാണെങ്കില്‍ പുനലൂര്‍ ഐക്കരക്കോണം സ്വദേശി പ്രവാസിയായ സുഗതന് ആത്മഹത്യ ചെയ്തത് സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ തന്റെ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടി കുത്തിയതോടെയാണ്. കൂടാതെ സിപിഎം സമരം നടത്തിയും ഭരണസ്വാധീനത്തില്‍ തകര്‍ത്തതും നിരവധി സംരംഭങ്ങളാണ്. അതിന്റെ രക്തസാക്ഷികളായി നിരവധി ഫാക്ടറികള്‍ കണ്ണൂരില്ലുണ്ടെന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അതെല്ലാം പകല്‍പോലെ നില്കുമ്പോഴാണ് നവീന്‍ ബാബുവിനെതിരെ പി.പി. ദിവ്യ വാളെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: