കൊല്ലം: അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന രാഷ്ട്രീയക്കാരുടെയും ഭരണകൂട അധികാര കേന്ദ്രങ്ങളുടെയും നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്ശനന് പറഞ്ഞു.
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയരായി പണിയെടുക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകണമെന്നും കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെതിരെ വൈരാഗ്യ ബുദ്ധിയോടെ വ്യക്തിഹത്യ നടത്തിയതിനെത്തുടര്‍ന്നാണ് നവീന്‍ബാബു ആത്മഹത്യ ചെയ്തത്.
കേരളത്തിലെ വിവിധ വകുപ്പുകളില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധനസഹായ വിതരണങ്ങളിലും സര്‍ക്കാര്‍ ചട്ടങ്ങള്‍ എന്‍ഫോഴ്സ് ചെയ്യേണ്ട വകുപ്പുകളിലും നിയമലംഘനവും സ്വജനപക്ഷപാതവും ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാര്‍ക്കുമേല്‍ രാഷ്ട്രീയക്കാര്‍ അമിതസമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ശിവജി സുദര്ശനന് പറഞ്ഞു.
ജീവനക്കാരെ അഴിമതിക്ക് പ്രേരിപ്പിക്കുന്ന തരത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും അനാവശ്യ ഇടപെടലുകള്‍ക്കെതിരെ ജീവനക്കാര്‍ക്ക് പരാതിപ്പെടാനും അവര്‍ക്ക് സംരക്ഷണം ഒരുക്കാനും പര്യാപ്തമായ നിയമനിര്‍മാണം നടത്താന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: