പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കളക്ഷന്‍ ഏജന്റില്‍ നിന്നും 30 ലക്ഷം രൂപ കൊള്ളയടിച്ചതിന് പിന്നില്‍ ഐഎസ് (ISIS) ബന്ധമുള്ള സംഘമെന്ന് എന്‍ഐഎ. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് കവര്‍ച്ച നടന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. തൃശ്ശൂര്‍ സ്വദേശികളായ എംകെ ആഷിഫ്, ഷിയാസ് ടിഎസ്, എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം ആരോപിച്ചത്.
ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2023 ജൂലൈയിലാണ് തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഐഎസ്ഐഎസ് ബന്ധമുള്ള സംഘങ്ങള്‍ സജീവമാണെന്ന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിഫ്, ഷിയാസ്, സെയ്ദ് നബീല്‍ അഹമ്മദ്, റായിസ് പിഎ, സഹീര്‍ ഇപി എന്നിവരെ അറസ്റ്റ് ചെയ്തത്. ആഷിഫും സെയ്ദും നിരോധിത സംഘടനയായ പോപ്പുലാര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകരായിരുന്നു.
2008-ല്‍ നടന്ന ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിലും ആഷിഫിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്. പോപ്പുലാര്‍ ഫ്രണ്ടിന്റെ വിവിധ പരിപാടികളില്‍ സെയ്ദും പങ്കെടുത്തിട്ടുണ്ട്. ശേഷം ഇവര്‍ രണ്ടുപേരും ഖത്തറിലേക്ക് കടന്നു. അവിടെ വെച്ച് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിലും സജീവമായി പ്രവര്‍ത്തിച്ചു. മഞ്ചേരിയിലെ ഗ്രീന്‍ വാലി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ആയുധപരിശീലനവും നേടിയിട്ടുണ്ട് എന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായി.
ഖത്തറിലായിരുന്ന സമയത്ത് ഷിഹാസ് എന്ന മലയാളിയുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് സംഘത്തില്‍ ചേര്‍ന്നയാളാണ് ഷിഹാസ്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ്ഐഎസ് സംഘത്തോടൊപ്പം ചേരാന്‍ ആഷിഫും സെയ്ദും ശ്രമിച്ചിരുന്നു. എന്നാല്‍ പല തടസങ്ങള്‍ കാരണം ഇവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെ ഇവര്‍ കേരളത്തിലേക്ക് തിരിച്ചെത്തി. ഇവിടെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതി.
കേരളത്തിലെത്തിയ ഇവര്‍ ഐഎസ്ഐഎസ് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. മൂന്നാം പ്രതിയായ ഷിയാസിനെയും നാലാം പ്രതിയായ റായിസിനേയും ഈ സംഘത്തിലേക്ക് ചേര്‍ക്കാനും ഇവര്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഐഎസിന്റെ പ്രവര്‍ത്തനം സജീവമാക്കാനായി ആഷിഫ് ഒരു ടെലഗ്രാം ചാനലും ആരംഭിച്ചു.
‘പെറ്റ് ലവേഴ്സ്’ എന്നായിരുന്നു ടെലഗ്രാം ഗ്രൂപ്പിന്റെ പേര്. ഈ സംഘത്തിലേക്ക് യുവാക്കളെ ചേര്‍ക്കുകയും ഐഎസിന്റെ ആശയങ്ങള്‍ ഇവര്‍ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി ക്ഷേത്രങ്ങളെയും പ്രമുഖ വ്യക്തികളെയും കൊള്ളയടിക്കാന്‍ ഇവര്‍ പദ്ധതിയൊരുക്കിയിരുന്നു. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ 2023 ഏപ്രില്‍ 20-ന് ഇന്‍ഡല്‍ മണിയുടെ കളക്ഷന്‍ ഏജന്റായ പ്രശാന്തിനെ ആക്രമിച്ച് 30 ലക്ഷം കവര്‍ന്നത്,’ കോടതി ഉത്തരവില്‍ പറയുന്നു.
അവിശ്വാസികളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ‘ഹിജ്റ’ നടത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യമെന്നും അതിനായി ഇവര്‍ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: