കാബൂൾ : അഫ്ഗാനിൽ കർശന മതനിയമങ്ങളാണ് താലിബാൻ നടപ്പാക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതും , സംഗീതത്തിന് വിലക്കേർപ്പെടുത്തിയതുമൊക്കെ ശരീയത്തിന്റെ ഭാഗമാണെന്നാണ് താലിബാന്റെ വാദം . ഇപ്പോഴിതാ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോകൾ അച്ചടിക്കരുതെന്നാണ് താലിബാന്റെ ഉത്തരവ്. അത് ഇസ്ലാമിക നിയമത്തിന് എതിരാണെന്നും ഉത്തരവിൽ പറയുന്നു.
ഈ ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും താക്കീതുണ്ട്.മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഉത്തരവെന്നാണ് സൂചന. എല്ലാ മേഖലകളിലും ഇസ്ലാമിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുക എന്നതാണ് താലിബാൻ ലക്ഷ്യം വയ്‌ക്കുന്നത് . ജീവജാലങ്ങളുടെ ഫോട്ടോകൾ അച്ചടിക്കരുതെന്നും മാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. താലിബാൻ വക്താവായ സൈഫുൽ ഇസ്ലാം ഖൈബറാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലക്രമേണ ഈ ഉത്തരവ് അഫ്ഗാനിസ്ഥാനിലെ മുഴുവൻ മാധ്യമങ്ങളിലും നടപ്പാക്കുമെന്നും സൈഫുൽ ഇസ്ലാം പറഞ്ഞു.
കൂടാതെ ഏതെങ്കിലും വാക്കിലൂടെയോ ചിത്രത്തിലൂടെയോ ഇസ്‌ലാമിനെ കളിയാക്കുകയോ, അവഹേളിക്കുകയോ ചെയ്താലും നടപടി ഉണ്ടാകും . . ‘ഇസ്‌ലാമിക നിയമ’ത്തിന്റെ പരിധിയിൽ നിൽക്കാൻ എല്ലാ മാധ്യമ ഗ്രൂപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.കാണ്ഡഹാർ, ഹെൽമണ്ട്, തഖർ തുടങ്ങിയ ചില പ്രവിശ്യകളിൽ ഇത് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ക്രമേണ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: