Kerala

ശബരിമല വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിന ബുക്കിംഗ് 70000 തീര്‍ത്ഥാടകര്‍ക്ക് മാത്രം

മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും

Published by

പത്തനംതിട്ട : ശബരിമല വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം ബുക്ക് ചെയ്യാന്‍ കഴിയുന്നത് 70000 തീര്‍ത്ഥാടകര്‍ക്ക്. നേരത്തെ 80000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാനാകും എന്നാണ് അറിയിച്ചിരുന്നത്.

സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ ക്രമീകരണം. തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വെര്‍ച്ച്വല്‍ ക്യൂ എണ്ണം മാറ്റണമോ എന്ന് ആലോചിച്ച് തീരുമാനിക്കും.

കഴിഞ്ഞതവണത്തെ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. പ്രതിദിനം 70000 പേര്‍ക്കുള്ള പ്രവേശനം തുറന്നിട്ടുണ്ട്. ബാക്കി 10000 പേരെ എന്ത് ചെയ്യണമെന്ന് കൂടി ആലോചിച്ച് തീരുമാനിക്കും. തീരുമാനം ഉടന്‍ ഉണ്ടാകും. ഒരു ഭക്തനും ദര്‍ശനം നടത്താതെ തിരിച്ച് പോകേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലകാലത്ത് നട തുറക്കുന്നതിനു മുന്‍പേ തീരുമാനമുണ്ടാകും. തുലാ മാസ പൂജകള്‍ക്കായി നട തുറന്ന ഇന്ന് നല്ല തിരക്കാണ് അനുഭവപ്പെട്ടതെന്നും ഈ തിരക്ക് സാധാരണമാണെന്നും പി എസ് പ്രശാന്ത്് ചൂണ്ടിക്കാട്ടി.

മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ശബരിമല മേല്‍ശാന്തിയായി 24 പേരും മാളികപ്പുറം മേല്‍ശാന്തിയായി 15 പേരും അന്തിമ പട്ടികയിലുണ്ട്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ നിന്ന് കോടതി ഉത്തരവ് പ്രകാരം ടി.കെ യോഗേഷ് നമ്പൂതിരിയെന്ന ആളെ ഒഴിവാക്കി.

അതിനിടെ, ശബരിമല സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി എത്തി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കോടതി നോട്ടീസ് അയച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക