Entertainment

സോമന്റെ അമ്മ പ്രസവിക്കുന്ന കുഞ്ഞുങ്ങളൊക്കെ മരിച്ച് പോയി; കുടുംബം വെജിറ്റേറിയനായത് ഈ കാരണത്താല്‍

Published by

ഒരുകാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായ നടന്മാരില്‍ പ്രധാനിയായിരുന്നു എംജി സോമന്‍. സുകുമാരന്‍, ജയന്‍ എന്നിവര്‍ക്കൊപ്പം നായക വേഷവും പിന്നീട് വില്ലന്‍ വേഷവുമൊക്കെ മനോഹരമായി കൈകാര്യം ചെയ്യാന്‍ സോമന് സാധിച്ചു. 24 വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനിടയില്‍ ഏകദേശം 400 ഓളം സിനിമകളില്‍ സോമന്‍ അഭിനയിച്ചു

ഇന്ത്യന്‍ വ്യോമസേനയില്‍ 9 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സോമന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. നാടകത്തില്‍ അഭിനയിച്ചു തുടങ്ങി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ചെറുതും വലുതുമായി ഇന്നും മലയാളികള്‍ക്ക് മറക്കാനാവാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ചതിനുശേഷമാണ് നടന്റെ വേര്‍പാട് ഉണ്ടാവുന്നത്.

ഇപ്പോഴിതാ സോമനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ് സുഹൃത്തുക്കള്‍. നടന്‍ രമേശ് പിഷാരടി അവതാരകനായിട്ട് എത്തുന്ന ഓര്‍മ്മയില്‍ എന്നും എന്ന പ്രോഗ്രാമിലാണ് സോമനെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. നടന്‍ ജനാര്‍ദ്ദനനും സംവിധായകനും എഴുത്തുകാരനുമായ രഞ്ജി പണിക്കരും അടക്കമുള്ള താരങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഒപ്പം സോമന്റെ മകന്‍ സജിയും എത്തി. നടന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ പറഞ്ഞത് നടന്‍ ജനാര്‍ദ്ദനന്‍ ആയിരുന്നു.

സോമന്‍ വെജിറ്റേറിയനായിരുന്നു എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്. അദ്ദേഹം നോണ്‍ വെജ് ഒരിക്കല്‍ പോലും കഴിച്ചിട്ടില്ല. മാത്രമല്ല ഇങ്ങനെ കുടുംബം മൊത്തം വെജിറ്റേറിയനാവാനുണ്ടായതിന് പിന്നിലൊരു കഥയുണ്ടെന്നും താരം പറയുന്നു. ‘സോമന്റെ അമ്മ ആറ് തവണ പ്രസവിച്ചു. എന്നാല്‍ എല്ലാ കുട്ടികളും മരിച്ച് പോവുകയായിരുന്നു. അവസാനം മണ്ണാറശാലയില്‍ പോയി ഉരുളി കമിഴ്‌ത്തിയതിന് ശേഷം ഉണ്ടായ സന്തതിയാണ് സോമന്‍. അന്ന് മുതല്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ മുഴുവന്‍ വെജിറ്റേറിയനായി മാറിയെന്നുമാണ്’ നടന്‍ ജനാര്‍ദ്ദനന്‍ സോമനെ കുറിച്ച് പറഞ്ഞത്.

ശേഷം ഈ പരിപാടിയിലേക്ക് സോമന്റെ മകനും നടനുമായ സജി സോമനും എത്തിയിരുന്നു. അച്ഛനെ കുറിച്ചുള്ള പിഷാരടിയുടെ ചോദ്യത്തിന് രസകരമായ ഓര്‍മ്മകളാണ് സജി പങ്കുവെച്ചത്. അച്ഛന്‍ വെജിറ്റേറിയനായിരുന്നെങ്കിലും അക്കാര്യത്തിന് തന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഞങ്ങള്‍ വീട്ടില്‍ എന്ത് കഴിച്ചാലും കുഴപ്പമില്ല. അദ്ദേഹം വാങ്ങി കൊണ്ട് വന്ന് തരികയും ചെയ്യുമായിരുന്നു. വീട്ടില്‍ ഞാന്‍ മാത്രമേ നോണ്‍ വെജ് കഴിക്കുകയുള്ളു. അച്ഛനൊപ്പം അമ്മയും കഴിക്കില്ലായിരുന്നു. എന്നാലിപ്പോള്‍ എന്റെ മക്കളും കഴിക്കും.

ചെറുപ്പത്തില്‍ അച്ഛനൊപ്പം ഒരുപാട് ലൊക്കേഷനുകളിലേക്ക് പോകുമായിരുന്നു. ഏഴാം ക്ലാസ് വരെയൊക്കെ എന്റെ സമ്മര്‍ വെക്കേഷന്‍ സിനിമാ ലൊക്കേഷനുകളിലായിരുന്നു. അത് ആസ്വദിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം നാട്ടിലെ സുഹൃത്തുക്കളെ ഒക്കെ വിട്ടിട്ട് വേണം ലൊക്കേഷനിലേക്ക് പോകാന്‍.

ഞാന്‍ ബോര്‍ഡിങ്ങില്‍ നിന്നിട്ടാണ് പഠിച്ചത്. സ്‌കൂള്‍ അടയ്‌ക്കുന്ന അന്ന് അവിടേക്ക് വണ്ടി വരും. അവിടുന്ന് വീട്ടിലെത്തിയാല്‍ തൊട്ടടുത്ത ദിവസം മദ്രാസിലേക്കോ എറണാകുളത്തേക്കോ പോകും. ലൊക്കേഷനിലെത്തിയിട്ട് ഹോട്ടല്‍ മുറിയിലിരിക്കും. എന്നിട്ട് ഷൂട്ടിങ്ങ് കാണാന്‍ പോകും. അച്ഛന്‍ പട്ടാളക്കാരനായിരുന്നെങ്കിലും അത്ര സ്ട്രിക്ട് ഒന്നുമായിരുന്നില്ല. എന്തിനും സ്വതന്ത്ര്യമുണ്ടായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by