ന്യൂദല്‍ഹി: മൂന്ന് ദിവസത്തിനുള്ളില്‍ പതിനഞ്ച് വിമാനങ്ങള്‍ക്കാണ് ഇതിനോടകം വ്യാജബോംബ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. അതേസമയം മുംബൈയിലും ഛത്തീസ്ഗഡിലായി മൂന്ന് പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. വിമാന സര്‍വീസുകള്‍ക്കെതിരായ ഭീഷണിയില്‍ അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയര്‍ത്തുകയാണ് തുടര്‍ച്ചയായുള്ള ബോംബ് ഭീഷണി. അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് അടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം.
കേസില്‍ വിവിധ ഏജന്‍സികളാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. സാമൂഹികമാധ്യമയായ ഏക്‌സിലാണ് ഭീഷണി സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ പതിനേഴുകാരനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പതിനേഴുകാരന്‍ വിവിധ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്ഗഡിലെ രാജ് നന്ദഗാവ് സ്വദേശിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭീഷണി വന്ന അക്കൗണ്ടുകള്‍ എക്‌സ് നീക്കം ചെയ്തു. ഇന്നലെ മാത്രം ദില്ലി ചിക്കാഗോ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദമാം ലക്‌നൗ ഇന്‍ഡിഗോ എക്‌സ്പ്രസ്, അയോദ്ധ്യ ബംഗളുരു എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്പൈസ്‌ജെറ്റ്, ആകാശ് എയര്‍, സിംഗപ്പൂരിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എന്നിവയ്‌ക്കാണ് ബോംബ് ഭീഷണി ലഭിച്ചത് . സിംഗപ്പൂരിലേക്ക് പോയ വിമാനം പിന്നീട് സുരക്ഷിതമായി ചാംഗി വിമാനത്താവളത്തില്‍ ഇറക്കി.
സിംഗപ്പൂര്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ സുരക്ഷ അകമ്പടി നല്കി. ചിക്കാഗോ വിമാനത്തിലെ യാത്രക്കാരെ കാനേഡിയന്‍ വ്യോമസേന വിമാനത്തില്‍ ചിക്കാഗോയില്‍ എത്തിച്ചു. ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അന്വേഷണത്തില്‍ ഇന്ത്യയെ സഹായിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചു. സംഭവത്തെകുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രിയും വിശദവിവരങ്ങള്‍ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക