കോടാലി: മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിചികിത്സ നിര്‍ത്തിയതിനാല്‍ രോഗികള്‍ ദുരിതത്തില്‍. നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടര്‍മാരുടെ കുറവുമൂലം കുറച്ചുദിവസത്തേക്ക് രാത്രി ചികിത്സ ഉണ്ടായിരിക്കുന്നതല്ലെന്ന് ആശുപത്രി അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
മലയോര ഗ്രാമങ്ങളായ മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ ആശ്രയ കേന്ദ്രമാണ് ഈ ആതുരാലയം. രാത്രി ചികിത്സ നിര്‍ത്തിവച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. രാത്രിയില്‍ അപകടങ്ങളോ അവശ്യചികിത്സയോ വേണ്ടിവന്നാല്‍ കിലോമീറ്ററുകള്‍ താണ്ടി പുതുക്കാട് സര്‍ക്കാര്‍ ആശുപത്രിയിലോ തൃശൂര്‍ ജില്ലാ ആശുപത്രിയിലോ എത്തിക്കേണ്ട അവസ്ഥയാണ്. രാത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് അവസരമില്ലാത്തതിനാല്‍ സമയനഷ്ടം രോഗിയുടെ ജീവന് ഭീഷണിയാകും. അതിനാല്‍ ഉടന്‍ തന്നെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിചികിത്സ പുനസ്ഥാപിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിചികിത്സ നിര്‍ത്തിവച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ആവശ്യമായ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും, രാത്രി ചികിത്സ പുനസ്ഥാപിക്കണമെന്നും ബിജെപി മറ്റത്തൂര്‍ കോര്‍ കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപി മറ്റത്തൂര്‍ മേഖലാ പ്രസിഡന്റ് പി.ഡി. ശ്യാംനാഥ് അദ്ധ്യക്ഷത വഹിച്ചു. വെള്ളിക്കുളങ്ങര മേഖലാ പ്രസിഡന്റ് സജിതാ ചന്ദ്രന്, സെക്രട്ടറി പ്രേമന് വെള്ളിക്കുളങ്ങര, പി.കെ. സുബ്രന്, കവിതാ പ്രസാദ് മണ്ഡലം നേതാക്കളായ ശ്രീധരന് കളരിക്കല്‍, ചന്ദ്രന് വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: