ന്യൂദൽഹി : ഇന്ത്യ ബഹുമുഖത്വത്തിന്റെ ശക്തമായ വക്താവാണെന്ന് അറിയിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ജനീവയിൽ നടന്ന ഇൻ്റർ പാർലമെൻ്ററി യൂണിയന്റെ (ഐപിയു) 149-ാമത് അസംബ്ലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിൽ പാർലമെൻ്റുകൾ തമ്മിലുള്ള സംവാദവും സഹകരണവും പൊതുനന്മയ്‌ക്ക് അത്യന്താപേക്ഷിതമാണെന്ന് ബിർള ചൂണ്ടിക്കാട്ടി. കൂടാതെ സാങ്കേതിക പുരോഗതിയുടെ ഫലങ്ങൾ തുല്യമായി പങ്കിടാൻ പരിപാടിയിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഊർജ സുരക്ഷയെക്കുറിച്ചും സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത “ഒരു സൂര്യൻ, ഒരു ലോകം, ഒരു ശ്രംഖല ” എന്ന ആശയത്തെ അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷി 76 ജിഗാവാട്ടിൽ നിന്ന് 203 ജിഗാവാട്ടായി വർധിച്ചതായി ബിർള പറഞ്ഞു.
കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാനുള്ള ഇന്ത്യയുടെ ഗ്രീൻ ഹൈഡ്രജൻ മിഷൻ, ഇൻ്റർനാഷണൽ സോളാർ അലയൻസ്, ബയോ-ഫ്യുവൽ അലയൻസ് തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ഇക്കാര്യത്തിൽ പാർലമെൻ്റ് സ്വീകരിച്ച നടപടികളെ പരാമർശിച്ച ബിർള കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്ഡിജി) സഭയിൽ നിരവധി തവണ ചർച്ച ചെയ്തതായി പറഞ്ഞു.
സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ എന്നിവയിലെ ഇന്ത്യയുടെ ഊന്നൽ പരാമർശിച്ചുകൊണ്ട് സ്റ്റാർട്ട്-അപ്പ് ഇന്ത്യ പ്രോഗ്രാമിന് കീഴിൽ രാജ്യം നവീകരണത്തിനും സാങ്കേതികവിദ്യയ്‌ക്കും സംരംഭകത്വത്തിനും പ്രത്യേക പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെന്ന് ബിർള പറഞ്ഞു.
355 ബില്യൺ ഡോളറിലധികം മൂല്യമുള്ള 118 പദ്ധതികളുള്ള ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് രാജ്യമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: