തിരുവനന്തപുരം: ശബരിമലയില് ദേവസ്വം ബോര്ഡ് രാഷ്ട്രീയം കളിക്കുകയാണെന്നും തീര്ത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കണമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂര്ക്കട ഹരികുമാര് പറഞ്ഞു.
ശബരിമല തീര്ത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കുക, സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ശിവസേന ജില്ലാ കമ്മറ്റി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ആസ്ഥാനത്ത് നടത്തിയ ധര്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ദര്ശനം വെര്ച്വല് ക്യൂ വഴി മാത്രം മതിയെന്ന് തീരുമാനിച്ചത് ഭക്തരെ അപമാനിക്കലാണ്. ദിവസങ്ങളോളം കാല്നടയായി എത്തുന്ന അയ്യപ്പ ഭക്തന്മാര്ക്ക് മുന്കൂട്ടി വെര്ച്വല്ക്യൂ വഴി ദര്ശന സമയം നിശ്ചയിക്കാന് സാധിക്കില്ല. ആന്ധ്രയിലെയും തെലുങ്കാനയിലെയും തമിഴ്നാട്ടിലെയും കര്ണാടകയിലെയും കുഗ്രാമങ്ങളില് നിന്ന് വരുന്ന അയ്യപ്പഭക്തര് ഇന്റര്നെറ്റ് സ്മാര്ട്ട്ഫോണ് ഉപയോഗിക്കുന്നവര് ആയിരിക്കില്ല. അവര്ക്ക് വെര്ച്വല് ക്യൂ എന്തെന്ന് പോലും അറിയാന് കഴിഞ്ഞെന്ന് വരില്ല. സ്വന്തം വിശ്വാസം നെഞ്ചിലേറ്റി മാസങ്ങളോളം വ്രതാനുഷ്ഠാനം നടത്തി ദര്ശനത്തിന് എത്തുന്ന ഭക്തരെ നിഷ്കരുണം തിരിച്ചയക്കുന്ന സംവിധാനമാണ് വെര്ച്വല് ക്യൂ സമ്പ്രദായം മാത്രം നടപ്പിലാക്കിയാല് ഉണ്ടാവുക. എരുമേലി വഴിയും പുല്മേട് വഴിയും തീര്ത്ഥാടനത്തിന് എത്തുന്ന ഭക്തരെ ഇത് വലയ്ക്കും. കഴിഞ്ഞ വര്ഷം നിരവധി പേരാണ് പോലീസ് വഴിയില് നടഞ്ഞിട്ടതുമൂലം തീര്ത്ഥാടനമധ്യേ പന്തളത്ത് മാലയൂരി കണ്ണീരോടെ മടങ്ങയത്. ദേവസ്വം ബോര്ഡിന്റെ രാഷ്ട്രീയക്കളി അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല് സെക്രട്ടറി രാധാകൃഷ്ണ മേനോന് അധ്യക്ഷത വഹിച്ചു. ആറ്റുകാല് സുനില്, ഒറ്റശേഖരമംഗലം കൃഷ്ണന്കുട്ടി, ഹരി ശാസ്തമംഗലം, അഡ്വ. ബിജൂ വഴയില, ഷിബു മുതപിലാക്കാട്, രാജേഷ് കായ്പാടി, വിനു പരവൂര്, കലേഷ് മണിമന്ദിരം, സുധീര് മായന്, രതീഷ് നായര് തൃശൂര്, സായി പ്രശാന്ത്, സനല്കുമാര് പ്രഭ, ആര്യശാല മനോജ്, സന്തോഷ് തിരുമംഗലം, ഗോകുല്ദാസ്, ഷിബു പേരൂര്ക്കട, രാജേഷ് കണ്ണാരംകോട് തുടങ്ങിയവര് സംസാരിച്ചൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: