ഇറ്റാലിയന്‍ ക്ലബ്ബ് എസിമിലാനില് കണ്ട പാരമ്പര്യ പകര്‍പ്പ് ഇറ്റലി ദേശീയ ഫുട്ബോള്‍ ടീമിലേക്കും. ഇറ്റലി ഇന്നലെ ഇസ്രായേലിനെതിരെ യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ കളിക്കാനിറങ്ങിയപ്പോള്‍ പകരക്കാരനായി ഒരു പുതുമുഖം അരങ്ങേറ്റം കുറിച്ചു.
11-ാം നമ്പര്‍ ജേഴ്സിയണിഞ്ഞിറങ്ങിയ ആ 23കാരന്റെ പേര് ഡാനിയേല്‍ മാല്ദീനി. ലോക ഫുട്ബോളില്‍ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സാക്ഷാല്‍ പാവോലോ മാല്‍ദീനിയുടെ മകനാണ് ഡാനിയേല്‍. ഇറ്റാലിയന്‍ ടീമിന്റെ നായക സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള പാവോലോ മാല്ദീനി 126 മത്സരങ്ങളിലാണ് രാഷ്ട്രത്തിനായി കളിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പിതാവ് സെസറെ മാല്ദീനി പഴകകാല ഇറ്റാലിയന്‍ ഫുട്ബോളിലെ പ്രതിരോധ താരമായിരുന്നു. എസിമിലാന് താരമായിരുന്ന സെസറെ ഇറ്റലിക്കായി 14 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ക്യാപ്റ്റനും ആയിട്ടുണ്ട്. നേരത്തെ ഡാനിയേല്‍ എസി മിലാന് വേണ്ടി കളിച്ചു തുടങ്ങിയപ്പോഴും വാര്‍ത്തയായിരുന്നു. ക്ലബിന്റെ ചരിത്രത്തിലും ഡാനിയേലിന്റെ അച്ഛനും മുത്തച്ചനും കളിച്ചിരുന്നു. പാവോലോ മാല്ദീനി ക്യാപ്റ്റനായിരിക്കെയാണ് 2002-03 സീസണില്‍ എസി മിലാന് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായത്.
നേഷന്‍സ് ലീഗ് ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇസ്രായേലിനെതിരെയാണ് ഡാനിയേല്‍ മാല്ദീനി അരങ്ങേറ്റം കുറിച്ചത്. മത്സരം തീരാന്‍ 16 മിനിറ്റുള്ളപ്പോഴായിരുന്നു താരത്തിന്റെ രംഗപ്രവേശം. 72-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഇറ്റലി 3-1ന് മുന്നിലെത്തിയതിന് തൊട്ടുപിന്നാലെ മുന്നേറ്റതാരം ജിയാക്കോമോ റാസ്പഡോറിയെ പിന്‍വലിച്ചാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ പുതുമുഖത്തിന് അവസരം നല്‍കിയത്. അഞ്ച് മിനിറ്റിനകം ഇറ്റലി നേടിയെ നാലാമത്തെ ഗോളില്‍ പ്രധാന പങ്കുവഹിക്കാനും പുതിയ മാല്‍ദീനിക്ക് സാധിച്ചു. ഈ ഗോളോടെ ഗിയോവന്നി ഡി ലോറെന്‍സോ മത്സരത്തില്‍ ഇരട്ട ഗോള്‍ തികച്ചു.
കളിയില്‍ ആദ്യ പകുതിയില്‍ ഇറ്റലി ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ലീഡ് ഇരട്ടിപ്പിച്ചു നില്‍ക്കെ ഇസ്രായേല്‍ മുഹമ്മദ് അബു ഫാനിയിലൂടെ 66-ാം മിനിറ്റില്‍ ആശ്വാസഗോള്‍ നേടി. ഗ്രൂപ്പില്‍ നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് പത്ത് പോയിന്റുമായി ഇറ്റലിയാണ് മുന്നിലുള്ളത്. ഇസ്രായേല്‍ കളിച്ച എല്ലാ കളിയും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: