എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന നടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി സംവിധായകന് ആലപ്പി അഷറഫ്. നസീറിന്റെ നായികയായി അഭിനയിച്ചിരുന്ന അവര്‍ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ എന്ന പേരില്‍ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. താരാ ആര്‍ട്സ് വിജയന് ആണ് നടിയെ അന്ന് ന്യൂയോര്‍ക്കില്‍ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഇത് തുറന്നു പറയുന്നത് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
ആലപ്പി അഷറഫിന്റെ വാക്കുകള്‍:
മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയില്‍ എത്തിച്ചത് ഞാനായിരുന്നു, 1982ല്‍. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേര്‍ന്ന ഒരു ചെറിയ ഗ്രൂപ്പ് അമേരിക്കയില്‍ പോയി പ്രോഗ്രാം അവതരിപ്പിച്ചു വലിയ വിജയവും ആയിരുന്നു. അതിന്റെ സ്പോണ്‍സര്‍ഷിപ്പ് താരാ ആര്‍ട്സ് വിജയനായിരുന്നു. ഞങ്ങള്‍ വിജയേട്ടാ എന്ന് സ്നേഹപൂര്‍വം വിളിക്കാറുള്ള ആള്. അദ്ദേഹം തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ പ്രോഗ്രാം എല്ലാവര്‍ഷവും നടത്താറുണ്ട്. ഞാനിവിടെ പറയാന്‍ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടന് മാത്രമാണ്. മലയാളത്തില്‍ നസീര്‍ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവര്‍, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ഞാനൊക്കെ അവരുടെ വലിയ ഫാന്‍ ആയിരുന്നു.
കോളജില്‍ പഠിക്കുന്ന കാലത്ത് യൂത്തിനെ ആകര്‍ഷിക്കുന്ന അവരുടെ ഒരു പടം ഭയങ്കര ഹിറ്റായിരുന്നു. അത് വീണ്ടും പല ഭാഷകളിലും റീമേക്ക് ചെയ്യുകയുണ്ടായി. ചിലതിലൊക്കെ അവര്‍ തന്നെ നായികയായിട്ട് അഭിനയിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് അവര്‍ക്ക് അമേരിക്കയില്‍ നിന്ന് ഒരു ഫോണ്‍ വരുന്നത്. ഹിന്ദിയിലെ ആള്‍ക്കാരാണ് സംസാരിച്ചത് അവര്‍ ഇംഗ്ലിഷിലും ഹിന്ദിയിലും ഒക്കെ ആയിട്ട് സംസാരിച്ചു. വിളിച്ചവര്‍ പറഞ്ഞത് ഒരു പടം അവിടെ ഷൂട്ടിങ് തുടങ്ങി അതില്‍ അവര്‍ക്ക് ജോയിന്‍ ചെയ്യാന്‍ പറ്റുമോ വലിയ ഒരു റോളാണ്. അവരെ കിട്ടണമെന്ന് ഡയറക്ടര്‍ നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞു. പാവം ഈ നായിക അത് വിശ്വസിച്ചു അവര്‍ അത് ചെയ്യാമെന്ന് വാക്ക് കൊടുത്തു ബാക്കിയുള്ള ഡീലിങ്സ് ഒക്കെ അവര്‍ തമ്മില്‍ സംസാരിച്ചു, എഗ്രിമെന്റ് ആയി. പെട്ടെന്ന് വന്ന് ജോയിന്‍ ചെയ്യണമെന്ന് പറഞ്ഞ് വിസയൊക്കെ അയച്ചു. അവര്‍ നേരെ അമേരിക്കയിലേക്ക് പോയി.
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അവരെ വളരെ സ്നേഹപൂര്‍വ്വം സ്വീകരിച്ച് ഉള്ള ഒരു ഫ്ലാറ്റില്‍ കൊണ്ട് താമസിപ്പിക്കുന്നു. അവിടെ അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് വിശ്രമിക്കാന്‍ പറഞ്ഞു. വൈകുന്നേരം ആയപ്പോള്‍ രണ്ടുപേര്‍ മദ്യപിച്ച് അവരുടെ മുന്നിലേക്ക് എത്തുന്നു. അവരുടെ പെരുമാറ്റ രീതികളെല്ലാം കണ്ട് നടി അന്തം വിട്ടു. അപ്പോള്‍ അവര്‍ക്ക് മനസ്സിലായി താന്‍ ഒരു കുടുക്കിലാണ് പെട്ടിരിക്കുന്നത് എന്ന്. അവര്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശരിക്കും ഇവര്‍ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവര്‍ അല്ലായിരുന്നു. അവരെല്ലാം ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു അണ്ടര്‍വേള്‍ഡില്‍ പെട്ടവരായിരുന്നു. ഈ ഗ്യാങ്ങിന്റെ ഒരു പ്ലാനിങ്ങില്‍ ആണ് നമ്മുടെ മലയാളത്തിലെ പ്രിയപ്പെട്ട ആ നായിക കെണിയില്‍ വീണത്. താന്‍ അകപ്പെട്ടു എന്ന് അറിഞ്ഞ അവര്‍ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേള്‍ക്കാന്‍ അവരുടെ നിലവിളികള്‍.
പീഡനം തുടര്‍ന്നുകൊണ്ടേയിരുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട അവര്‍ തന്റെ അന്ത്യം ഇവിടെ ആയിരിക്കും എന്ന് ഉറപ്പിച്ചു. തന്നെ രക്ഷപ്പെടുത്താന്‍ ആരുമില്ല തനിക്കിനി എങ്ങനെ രക്ഷപ്പെടാന്‍ കഴിയും എന്ന് ആലോചിച്ചു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു. അവരെ നിരീക്ഷിക്കാനായി സെക്യൂരിറ്റിക്കാരെയും ഏര്‍പ്പാട് ചെയ്തിരുന്നു, അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഒക്കെ കിട്ടും പക്ഷേ ഇങ്ങനെ ട്രാപ്പില്‍ പെട്ടു കിടക്കുകയാണ്. ഒരു ദിവസം എല്ലാവരും പെട്ടെന്ന് വെളിയില്‍ പോയ സമയത്ത് ഇവര്‍ നമ്മുടെ താര ആര്‍ട്സ് വിജയനെ കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന്റെ നമ്പര്‍ അവര്‍ക്ക് കാണാപാഠമായിരുന്നു. അവര്‍ പെട്ടെന്ന് ലാന്‍ഡ് ഫോണില്‍ വിജയേട്ടനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് വിജയേട്ടന് ഫോണ്‍ എടുത്തു. നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിജയേട്ടനോട് അവര്‍ പറഞ്ഞു. വിജയേട്ടനും ആകെ അന്ധാളിച്ചു. അന്ന് വിജയേട്ടന് ന്യൂയോര്‍ക്കില്‍ ടെലികോം എന്‍ജിനീയര്‍ ആണ്.
അദ്ദേഹം പെട്ടെന്ന് തന്നെ ഫോണ്‍ വന്ന ഏരിയ മനസിലാക്കി. പക്ഷേ ആ കെട്ടിടം കണ്ടുപിടിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറഞ്ഞു വെയിറ്റ് ചെയ്യൂ ഞാന്‍ ഇപ്പോള്‍ എത്താം. അദ്ദേഹം താമസിക്കുന്നത് ന്യൂ ജേഴ്സിയിലാണ്. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് തന്നെ കോള്‍ വന്ന ഏരിയയില്‍ വന്നു. എവിടെ പോകണം എന്ന് അറിയില്ല. ആ സമയത്തിനുള്ളില്‍ ഈ സംഘം അവിടെ തിരിച്ചെത്തുകയും ചെയ്യും അതിനു മുന്‍പ് അവരെ അവിടുന്ന് രക്ഷപ്പെടുത്തണം അങ്ങനെ ഒരു സാഹചര്യമാണ് ഉള്ളത്. വിജയേട്ടന് അവരോട് ജനല്‍ തുറക്കാന്‍ പറഞ്ഞു, ജനലില്‍ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവര്‍ കാണാവുന്ന ബില്‍ഡിങ്ങുകള്‍ പറഞ്ഞു കൊടുത്തു. ബോര്‍ഡുകള്‍ വായിച്ചു കേള്‍പ്പിച്ചു കൊടുത്തു. അത് വച്ച് വിജയേട്ടന് ഏകദേശം ഐഡിയ മനസ്സിലാക്കി. അവരോട് എന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാന്‍ പറഞ്ഞു. അവര്‍ അത്യാവശ്യ സാധനങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി താഴെ വന്ന് വിജയേട്ടന്റെ വണ്ടിയില്‍ കയറി. ഈ രംഗങ്ങള്‍ പല സിനിമക്കാര്‍ക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും ഈ രംഗം ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ വിജയേട്ടന് പെട്ടെന്ന് വണ്ടി ഒറ്റ വിടല്‍ വിട്ടു.
ഏതെങ്കിലും ഹോട്ടലില്‍ റൂമെടുത്ത് താമസിച്ചാല്‍ അദ്ദേഹത്തിന് കൂടി പ്രശ്നമാകും എന്നുള്ളത് കൊണ്ട് എയര്‍പോര്‍ട്ടിലേക്ക് തന്നെ വണ്ടി കയറ്റി. അവിടെ അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റ് ഒക്കെ എടുത്തു. അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയില്‍ വന്നു കാവല്‍ നില്‍ക്കുന്നത് അവര്‍ക്ക് ഉള്ളില്‍നിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടന് പറഞ്ഞു. പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടന് പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്ലൈറ്റില്‍ കയറ്റി അവരെ ഇങ്ങോട്ട് തിരിച്ചയച്ചു. ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞങ്ങളെല്ലാം ഞെട്ടിച്ചു. ഒരുപക്ഷേ ഈ സംഭവം നിങ്ങള്‍ക്ക് എല്ലാ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ ഒരു സംഭവമാണ്.
എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ പറയുന്നത് എന്ന് ചോദിച്ചാല്‍ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താന്‍ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് വിചാരിച്ചാണ് ഞാന്‍ ഇത് തുറന്നു പറയുന്നത്. അതാണല്ലോ രാധിക ശരത് കുമാര്‍ കാരവനിലെ ഒളിക്യാമറയെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞത്. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല ഇപ്പോള്‍ എന്തുകൊണ്ട് പറയുന്നു എന്ന് ചോദ്യം വന്നപ്പോള്‍ അവര്‍ പറഞ്ഞത് അന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല പറയാന്‍ പറ്റുമായിരുന്നില്ല ഇപ്പോള്‍ ഹേമ കമ്മിറ്റിയും റിപ്പോര്‍ട്ട് ഒക്കെ വന്നതിന് ശേഷം കുറച്ചു കൂടി അലര്‍ട്ട് ആയിട്ടുണ്ട് അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ എന്ന് കരുതിയാണ്. അതുപോലെ ഞാനും പറയുന്നു വരും തലമുറയ്ക്ക് എങ്കിലും പ്രയോജനം ആകട്ടെ അതുകൊണ്ടാണ് ഞാനിത് തുറന്നുപറയുന്നത് ചതിക്കുഴിയില്‍ പെടാതെ എല്ലാവരും രക്ഷപ്പെടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: