കിളിമാനൂര്‍: പോലീസ് കസ്റ്റഡിയിലിരുന്ന പാറയും മെറ്റലും കാണാതായസംഭവത്തില്‍ ആര്‍ക്കെതിരെയും അന്വേഷണമോ നടപടിയോ ഇല്ല. പാറയും മെറ്റലും ഒപ്പം പരാതിയും ആവിയായതായി നാട്ടുകാര്‍.
കിളിമാനൂര്‍ പോലീസ് കസ്റ്റഡിയിലിരുന്ന പാറയും മെറ്റലും പോലീസ് ഒത്താശയോടെ ഒരു സംഘം കടത്തിക്കൊണ്ട് പോയതാണെന്ന പരാതി ഉയര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നടപടി എടുക്കേണ്ട അധികൃതര്‍ ആരും ഇതുവരെ അനങ്ങിയിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതിയെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവരും അനങ്ങുന്നില്ല. കിളിമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 2018-19 കാലയളവില്‍ എസ്ഐയായിരുന്ന അരുണ്‍ ബി.കെ.യുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് കോടതി കേസില്‍ കിടന്നിരുന്ന തൊണ്ടിമുതലായ നാലു ലോഡ് വരുന്ന പാറകളും മെറ്റലുമാണ് കാണാതായത്. കിളിമാനൂര്‍ പോലീസ് സ്റ്റേഷന്റെ എതിര്‍വശത്തെ പഴയ എംസി റോഡില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. സൂക്ഷിക്കാന്‍ ചുമത്തപ്പെട്ടവരുടെ ഒത്താശയോടെ ചിലര്‍ കടത്തിക്കൊണ്ട് പോയെന്നാണ് ആരോപണം ഉയര്‍ന്നത്. ആരോപണം ഉയര്‍ത്തിയവരും ഇപ്പോള്‍ മൗനത്തിലാണ്. പാറയും മെറ്റലും കടത്തി കൊണ്ടുപോയതില്‍ കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞിരുന്നത്.
കോടതിയുടെ കീഴിലുള്ള തൊണ്ടിമുതല്‍ എടുത്ത് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൊടുത്ത് വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറഞ്ഞിരുന്നു. പാറയും മെറ്റലും കടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഷയവും തൊണ്ടിമുതലും ആവിയായ അവസ്ഥയിലാണ്. വേലി തന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യുമെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: