മാറനല്ലൂര്‍: ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വൈദ്യുതി ഇല്ല. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ ആകെ വലയുന്നു. കാട്ടാക്കട ഗ്രാമപഞ്ചായത്തിന് കീഴില്‍ തൂങ്ങാംപാറയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ (ആയൂഷ്മാന്‍ ആരോഗ്യ മന്ദിര്‍) ആണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നത്. സാഹചര്യം ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തനത്തെയും ജനങ്ങളെയും കാര്യമായി ബാധിക്കുന്നു. വാക്സിനേഷന് ഉള്‍പ്പെടെ വിവിധ കുത്തിവയ്പ്പിനും തുള്ളിമരുന്ന് സ്വീകരിക്കാനും എത്തുന്നവര്‍ ആകെ ബുദ്ധിമുട്ടുകയാണ്.
2023 ജൂലൈയില്‍ പ്രവര്‍ത്തന ഉദ്ഘാടനം നടത്തിയ ജനകീയ കേന്ദ്രം ഗ്രാമീണമേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണ്. കുഞ്ഞുങ്ങളുമായി എത്തി മണിക്കൂറുകള്‍ ഇവിടെ കാത്തിരിക്കേണ്ടി വരുമ്പോഴും ഊഴം കാത്തു വാക്സിനേഷനോ തുള്ളിമരുന്നോ സ്വീകരിച്ചു കഴിഞ്ഞ് ഇവിടെ ചൂടേറ്റ് കുട്ടികള്‍ വലയുകയാണ്. കെട്ടിടത്തിനുള്ളില്‍ വൃത്തിയുള്ള ഫാനുകള്‍ തൂങ്ങുന്നുണ്ട്. എങ്കിലും ഇവ പ്രവര്‍ത്തിക്കില്ല. ബള്‍ബുകള്‍ ഉണ്ട്, പക്ഷെ ഒന്നും കത്തില്ല. വൈദ്യുതി ഇല്ലാത്തതാണ് പ്രശ്നമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പ്രതിവിധി എന്തെന്ന് ഇവര്‍ക്കും അറിയില്ല.
2020 ല്‍ എംഎല്‍എയുടെ 15,00,000 രൂപ ഫണ്ട് വിനിയോഗിച്ച് ജില്ലാ പഞ്ചായത്താണ് ഇവിടെ ആരോഗ്യ സബ് സെന്റര്‍ നിര്‍മിച്ചത്. ഇവിടെയാണ് ഇപ്പോള്‍ കാറ്റും വെളിച്ചവും വെള്ളവും ഇല്ലാതെ പൊതുജനവും ജീവനക്കാരും ബുദ്ധിമുട്ടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യം ഇല്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് അറിയില്ല. വായുസഞ്ചാരം തീരെ ഇല്ലാത്ത കെട്ടിടത്തില്‍ വൈദ്യുതി ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൊതു ജനോപകാരപ്രദമായ ആരോഗ്യകേന്ദ്രത്തിന്റെ അപാകതകള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: