തിരുവനന്തപുരം: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന തൊഴിലാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ് എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാര്‍. ബിഎംഎസ് സ്ഥാപകനായിരുന്ന ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാര്യകര്‍തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ഭാരതത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന മാത്രമാണുണ്ടായിരുന്നത്. വൈദേശികമായ ചിന്താധാര പുലര്‍ത്തിയിരുന്ന സംഘടനയായിരുന്നു അത്. ഈ രാജ്യത്തെ തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും അവര്‍ രാജ്യവിരുദ്ധമായി ചിന്തിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനശൈലിയാണ് സ്വീകരിച്ചിരുന്നത്. പ്രാദേശിക ദേശീയ വിഷയങ്ങളില്‍ അവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെയാണ് ദേശീയതയെ ഉയര്‍ത്തിപിടിക്കുന്ന ഒരു തൊഴിലാളി സംഘടനയുടെ ആവശ്യകത മനസ്സിലാക്കി ദത്തോപാന്ത് ഠേംഗ്ഡി ബിഎംഎസ് രൂപീകരിക്കുന്നത്. അക്കാലത്ത് ദേശീയതയിലൂന്നിയ ഒരു തൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ദത്തോപാന്ത് ഠേംഗ്ഡിയാണെന്ന് ആര്‍എസ്എസ് തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് അദ്ദേഹത്തെ നിയോഗിച്ചത് എന്നും ഗോപകുമാര്‍ പറഞ്ഞു.
ഭാരതത്തിലെ തൊഴിലാളി മേഖലകളില്‍ അന്നുവരെ കേട്ടിരുന്ന ഇങ്ക്വിലാബ് സിന്ദാബാദ്, ലാല്‍സലാം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് പകരം ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത് ബിഎംഎസ് രൂപീകരിച്ചതിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി. രാഖേഷ് അധ്യക്ഷനായ ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ആര്. കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, ജില്ലാ ഉപാധ്യക്ഷന്‍ കെ. ജയകുമാര്‍, ജില്ലാ ഖജാന്‍ജി ജെ.എന്‍. ഹരികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: