തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്.
കൊച്ചുവേളിയും നേമവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളാണ്. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല.
നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്.
നേമത്ത് ടെർമിനൽ യാഥാർഥ്യമാക്കിയാൽ തിരുവനന്തപുരം സെൻട്രലിലേക്കു കൂടുതൽ ട്രെയിനുകൾ എത്തിക്കാനാകും. ഇതു സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കുന്നതിനും വഴിയൊരുക്കും. ഇതോടെ കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) വരെയുള്ള ട്രെയിനുകളും കൊല്ലം, ആലപ്പുഴ വരെയുള്ള ട്രെയിനുകളും തിരുവനന്തപുരം വരെ നീണ്ടേക്കും.
നേമത്ത് ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
നിലവിലെ സ്റ്റേഷൻ മന്ദിരം അപ്പാടെ പൊളിച്ചാണു പുതിയത് പണിയുന്നത്. രണ്ടു പുതിയ പ്ലാറ്റ്ഫോമുകൾ കൂടി വരുന്നതോടെ ആകെ നാലു പ്ലാറ്റ്ഫോമുകളാകും. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ അടിപ്പാതയുമുണ്ടാകും. സ്റ്റേഷനു എതിർവശത്തായി 650 മീറ്റർ നീളത്തിലാണു കോച്ചുകൾ കൊണ്ടിട്ടു പണിയുന്നതിനും ഷണ്ടിങ്ങിനുമുള്ള പിറ്റ്‌ലൈൻ നിർമിക്കുന്നത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഷണ്ടിങ് ജോലികൾ ഇവിടേക്കു മാറ്റുകയാണു ലക്ഷ്യം. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഇവിടെനിന്നു പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: