കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്ന തരത്തിലുള്ള മൊഴികളുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്നും കേരളാ ഹൈക്കോടതി. എന്നാല്‍ അതിജീവിതമാരുടെ പേരുകള്‍ ഒരു കാരണവശാലും പുറത്തുവരാന്‍ പാടില്ലെന്നും എഫ്ഐആര്‍ അടക്കമുള്ള രേഖകളില്‍ നിന്ന് അതിജീവിതമാരുടെ പേരുകള്‍ മറച്ചുവെക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൊഴി നല്‍കാന്‍ തയാറാല്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് സി എസ് സുധ, എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വിശദമായി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. അതേസമയം സിനിമ സെറ്റുകളിലെ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നല്‍കി.
എഫ്ഐആറിന്റെ പകര്‍പ്പ് അതിജീവിതമാര്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാന്‍ പാടുള്ളൂവെന്നും ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതിന് ശേഷം കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് വ്യക്തമാകുന്നതെങ്കില്‍ അന്വേഷണ സംഘത്തിന് നിയമപരമായി ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക