കോഴിക്കോട്: ശബരിമല തീര്‍ത്ഥാടന കാലഘട്ടത്തില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ആസൂത്രിതമായ ഗൂഢാലോചന നടത്തി അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ഓരോ തീര്‍ത്ഥാടന കാലത്തും ഓരോരോ കാരണങ്ങളാണ് ഇതിനായി പറയുന്നത്. പ്രളയത്തിനുശേഷം സന്നിധാനത്തും പമ്പയിലും അയ്യപ്പന്മാര്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാതെയാണ് പുതിയ പരിഷ്കാരങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് പുതിയ തീരുമാനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് മുതിരുന്നത്. ഹൈക്കോടതി പരാമര്‍ശിച്ചിട്ടുള്ള, സ്പോട്ട് ബുക്കിങ്ങിലൂടെ ഭക്തക്കര്‍ക്ക് ദര്‍ശനം സാധ്യമാക്കണമെന്ന നിര്‍ദേശം തള്ളിക്കളഞ്ഞ് അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്താനുള്ള സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് തീരുമാനത്തെ എന്തുവില കൊടുത്തും തടയുമെന്നും സുഗമമായ ദര്‍ശന സൗകര്യമൊരുക്കുന്നതിന് വേണ്ട എല്ലാ നടപടികളും ബിജെപി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പന്മാരുടെ മനോവീര്യത്തെ സര്‍ക്കാര്‍ പരീക്ഷിക്കരുത്. ഏകപക്ഷീയമായ തീരുമാനം നടപ്പാക്കാന്‍ ശബരിമല സര്‍ക്കാര്‍ കേന്ദ്രമല്ലെന്നും തീര്‍ത്ഥാടകരുമായി ബന്ധമുള്ള സംഘടനകളുടെ അഭിപ്രായം പോലും ചോദിക്കാതെ ദര്‍ശന കാലം നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം കൊടിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സംരക്ഷിക്കുന്നു രാഷ്ട്രീയ ആരോപണമല്ലെന്നത് കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ബിജെപി വിരോധം പറഞ്ഞ് പിണറായി വിജയന് സേഫ്റ്റി വാല്‍വ് ഒരുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചെയ്യുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതില്‍ സതീശന് ഭയക്കുന്നതെന്തിനാണ്. ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടതും പൂരം അലങ്കോലപ്പെടുത്തലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട സതീശന് കരിപ്പൂര്‍ വിമാനത്താവളം വഴി നടന്നിട്ടുള്ള സ്വര്ണക്കള്ളകടത്തും, ലഹരി കടത്തും, ഹവാല പണമിടപാടും നടന്നെന്ന അന്‍വറിന്റെ ആരോപണവും ഈ പണമുപയോഗിച്ച് ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണവും അന്വേഷിക്കണമെന്ന് എന്ത് കൊണ്ട് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണം വന്നാല്‍ മുസ്ലിം ലീഗിനും സിപിഎമ്മിനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വി.ഡി. സതീശന് ബോധ്യം ഉള്ളതിനാലാണെന്നും രമേശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: