ന്യൂഡൽഹി: കാനഡയ്‌ക്കെതിരെ നീക്കം കടുപ്പിച്ച് ഇന്ത്യ. 6 കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി. ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവർട്ട് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, സെക്രട്ടറി മേരി കാതറിൻ ജോളി, സെക്രട്ടറി ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, സെക്രട്ടറി ആദം ജെയിംസ് ചുപ്ക, സെക്രട്ടറി പോള ഓർജുവേല എന്നിവരോട് ഒക്ടോബർ 19 രാത്രി 11:59 ന് മുമ്പ് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. .കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ മടക്കി വിളിക്കുകയും ചെയ്തു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കേസിൽ സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഉത്തരവിടുന്നതിന് മുമ്പ് ഇന്ത്യ അംബാസഡർ സ്റ്റുവർട്ട് വീലറെ വിളിപ്പിച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കാനഡയിൽ ഉന്നയിക്കപ്പെട്ടതെന്ന് ഇന്ത്യ രൂക്ഷമായ ഭാഷയിൽ വ്യക്തമാക്കി. ഹൈക്കമ്മീഷണറുടെയും മറ്റ് നയതന്ത്രജ്ഞരുടെയും സുരക്ഷയെ കനേഡിയൻ സർക്കാർ അപകടത്തിലാക്കി. അവർക്ക് സുരക്ഷ ഒരുക്കുന്നതിൽ കനേഡിയൻ സർക്കാരിനെ ഇന്ത്യ വിശ്വസിക്കുന്നില്ല.
ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുമെന്ന് കാനഡ മനസ്സിലാക്കണമെന്ന് വിദേശകാര്യ വിദഗ്ധൻ റൊബീന്ദ്ര സച്ച്‌ദേവ് പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ കോൾഡ് സ്റ്റോറേജിലാണ്. അവിടെ നയതന്ത്രജ്ഞർ ഉണ്ടായിട്ട് കാര്യമില്ല. കാനഡയിലെ നമ്മുടെ നയതന്ത്രജ്ഞരുടെ ജീവനും സുരക്ഷയും അപകടത്തിലായേക്കാമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: