സിനിമ മേഖലയിൽ തനിക്ക് ആരുമായും വളരെ അടുത്ത സൗഹൃദമില്ലെന്ന് നടൻ സലിം കുമാർ. ഒന്നോ രണ്ടോ ആളുകളുമായി ചെറിയ സൗഹൃദം മാത്രമേയുള്ളൂവെന്നും നടൻ വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു താരം. “ഇൻഡസ്ട്രിയിൽ എനിക്ക് ആരുമായും സൗഹൃദമില്ല. സിനിമ ഒരു സമ്മേളനമാണ്, ആവശ്യക്കാരുടെ സമ്മേളനം. സിനിമയ്‌ക്ക് ഓരോ കാലഘട്ടത്തിലും ഓരോരുത്തരെ ആവശ്യമുണ്ടാകും, ആ ആവശ്യപ്പെടുന്ന ആളുകളുടെ സമ്മേളനമാണത്.
ആ സമ്മേളനം കഴിഞ്ഞാൽ വീട്ടിലേക്ക് തിരിച്ചു വരിക. ഒന്നോ രണ്ടോ ആളുകളുമായി ചെറിയ സൗഹൃദങ്ങൾ മാത്രമേയുള്ളൂ. സിനിമ നമ്മളെ ആവശ്യമുണ്ടെങ്കിൽ മാത്രം സൗഹൃദമുണ്ടാകുന്ന സ്ഥലമാണ്. ഭയങ്കരമായ സൗഹൃദമൊക്കെ അവിടെ വളരെ കുറവാണ്”. – സലിംകുമാർ പറഞ്ഞു.
തന്റെ ജീവിതത്തിലുണ്ടായ തിരിച്ചറിവിനേക്കുറിച്ചും ബുദ്ധനോടുള്ള ആരാധനയേക്കുറിച്ചും സലിംകുമാർ അഭിമുഖത്തിൽ വ്യക്തമാക്കി. “എന്റെ ഓരോ മുക്കിലും മൂലയിലും ബുദ്ധനുണ്ട്. ജീവിതത്തെ ഞാൻ തിരിച്ചറിഞ്ഞപ്പോഴാണ് ബുദ്ധനെ ആരാധിച്ചു തുടങ്ങിയത്. ശ്രീലങ്കയിലേക്ക് പോയത് ബുദ്ധമതത്തിൽ ചേരാൻ വേണ്ടിയാണ്. പിന്നെ ഞാൻ ആലോചിച്ചു, ഞാനെന്തിന് ബുദ്ധമതത്തിൽ ചേരണം.
ബുദ്ധനെ ആരാധിക്കണമെങ്കിൽ ബുദ്ധമതത്തിൽ ചേരേണ്ട കാര്യമില്ല, മഹാത്മാ ഗാന്ധിയെ ആരാധിക്കണമെങ്കിൽ കോൺഗ്രസുകാരനാകേണ്ട ആവശ്യമില്ല, ശ്രീനാരായണ ഗുരുവിനെ ആരാധിക്കണമെങ്കിൽ എസ്എൻഡിപിയിൽ ചേരേണ്ട ആവശ്യമില്ല, ഇവരെയൊക്കെ നമ്മുക്ക് ആരാധിക്കാം. ജീവിതത്തിന്റെ തിരിച്ചറിവ് വന്ന വേളയിലാണ് ഞാൻ ബുദ്ധനെ മനസു കൊണ്ട് ആരാധിക്കാൻ തുടങ്ങിയത്. അദ്ദേഹമാണ് ദൈവമെന്ന് എനിക്ക് തോന്നി- സലിംകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക