കോഴിക്കോട് : അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 37 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.
കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്‌ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അതിനിടെ സംഭവസ്ഥലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് വേഗത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. കുറ്റ്യാടി ബസുകൾക്കാണ് വേഗത കൂടുതലെന്നും നാട്ടുകാർ പരാതിപ്പെട്ടു.















