Kerala

നടിയെ ആക്രമിച്ച കേസ്: അതീജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി, ഹർജി നിയമപരമായി നിലനിൽക്കില്ല

Published by

കൊച്ചി: മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്.

മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടുവെന്നതില്‍ സംശയമില്ലെന്നും ആര് എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ അന്വേഷണം വസ്തുതാപരമല്ലെന്നും നിയമ വിരുദ്ധതമാണെന്നും റദ്ദാക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

അതിജീവിതയുടെ ഹര്‍ജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതുടെ ഹര്‍ജിയില്‍ എട്ടാം പ്രതി ദിലീപിന്റെ താല്‍പര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. അതിജീവിതയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാം പ്രതിക്ക് എന്തിനെന്നുമായിരുന്നു ദിലീപിന്റെ വാദത്തെ എതിര്‍ത്ത് ഹൈക്കോടതിയുടെ ചോദ്യം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചെന്നതില്‍ സെഷന്‍സ് ജഡ്ജി വസ്തുതാ അന്വേഷണം നടത്തണമെന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് ഹൈക്കോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് അതിജീവിതയ്‌ക്ക് വേണ്ടി ഹാജരായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by