ഭാരതീയ മസ്ദൂര്‍ സംഘ (ബിഎംഎസ്)ത്തിന്റെ സമാരാധ്യനായ സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 20 വര്‍ഷം പൂര്‍ത്തിയാവുന്നു. 2004 ഒക്ടോബര്‍ 14 ന് പൂനെയില്‍വച്ചാണ് അദ്ദേഹം അന്തരിച്ചത്. 1920 നവംബര്‍ 10ന് മഹാരാഷ്ട്രയില്‍ വാര്‍ധയ്ക്കു സമീപമുള്ള ആര്‍വി എന്ന ചെറുപട്ടണത്തിലാണദ്ദേഹം ജനിച്ചത്. ബാപുറാവു ദാജിബാ ഠേംഗ്ഡിയായിരുന്നു അച്ഛന്. അമ്മ ജാനകീ ബായിയും. ബിഎ എല്‍എല്‍ബി ബിരുദധാരിയായിരുന്നു അദ്ദേഹം.
1942 ല്‍ ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശാനുസരണം പ്രചാരകന് (മുഴുവന്‍സമയ പ്രവര്ത്തകന്) ആയി. മലബാറില്‍ കോഴിക്കോട്ടേക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്. ചെന്നൈയില്‍നിന്ന് സംഘ അനുഭാവിയായ ഒരു വക്കീല്‍ കോഴിക്കോട്ടുള്ള സുഹൃത്ത് വക്കീലിന് നല്കിയ പരിചയപ്പെടുത്തല്‍ കത്തുമായാണ് ഠേംഗ്ഡി കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ടെ വക്കീലിന്റെ പ്രതികരണം നിരാശാജനകമായിരുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തിന് യാതൊരു സാധ്യതയുമില്ലാത്ത സ്ഥലമാണ് കോഴിക്കോടെന്നും അതിനാല്‍ നാഗ്പ്പൂരിലേക്ക് മടങ്ങിപ്പോകുന്നതാണ് ഉത്തമം എന്നുമാണ് അദ്ദേഹം ഠേംഗ്ഡിയെ ഉപദേശിച്ചത്. ഇതിലൊന്നും നിരാശനാകാതെ തന്നെയേല്പ്പിച്ച ദൗത്യം നിര്‍വഹിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന ഠേംഗ്ഡി അവിടെനിന്നു ലഭിച്ച മറ്റൊരു പരിചയം ഉപയോഗിച്ചുകൊണ്ട് അവിടെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് മികച്ച അടിത്തറ കെട്ടി. അന്ന് ഠേംഗ്ഡിയിട്ട അടിത്തറയിലാണ് ഇന്ന് കേരളത്തില്‍ കാണുന്ന അതിബൃഹത്തായ സംഘപ്രസ്ഥാനങ്ങള്‍ ഉറച്ചുനില്‍ക്കുന്നത്. പിന്നീടദ്ദേഹത്തെ ബംഗാളിലേക്ക് നിയോഗിച്ചു.
രാജ്യത്തിന്റെ അധ്വാനിക്കുന്ന കരങ്ങളായ തൊഴിലാളി സമൂഹത്തിനിടയില്‍ തീവ്രദേശഭക്തിയുള്ള ഒരു പ്രസ്ഥാനം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ആര് എസ് എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ തീരുമാനിക്കുകയും ഇക്കാര്യം നടപ്പിലാക്കുന്നതിനുവേണ്ടി ഠേംഗ്ഡിയെ 1950 ല്‍ നിയോഗിക്കുകയും ചെയ്തു. ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിന്റെ സാങ്കേതികതകള്‍ പഠിക്കാന്‍ മധ്യഭാരതത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന യൂണിയനുകളിലേക്ക് ഠേംഗ്ഡിയെ അയക്കുകയാണ് ഗുരുജി ചെയ്തത്. ഗുരുജിക്ക് ആ യൂണിയന് ഭാരവാഹികളില്‍ ചിലരുമായുണ്ടായിരുന്ന സ്നേഹബന്ധമാണ് ഇതിനു സഹായകമായത്. ഏതാണ്ട് അഞ്ച് വര്‍ഷക്കാലം പ്രായോഗിക ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിച്ച അനുഭവജ്ഞാനവുമായാണ് 1955 ജൂലൈ 23 ന് ലോകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തില് ബിഎംഎസിന് അദ്ദേഹം ആരംഭം കുറിച്ചത്. ആരംഭിച്ച ദിവസം ഒരംഗമോ ഒരു അഫിലിയേറ്റഡ് യൂണിയനോ ഓഫീസോ പണമോ ഒന്നും ഉണ്ടായിരുന്നില്ല. 1955 മുതല്‍ 1967 വരെ ഒരു വ്യാഴവട്ടക്കാലം ദത്തോപാന്ത് ഠേംഗ്ഡിയെന്ന ഏകാംഗ സൈന്യം രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് നിരവധി യൂണിയനുകള്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര് എസ് എസ് ശാഖകളായിരുന്നു അതിനദ്ദേഹത്തെ സഹായിച്ച ഘടകം. 1967 ആഗസ്റ്റ് 12, 13 തീയതികളില്‍ ദല്‍ഹിയില്‍ ചേര്‍ന്ന ബിഎംഎസിന്റെ പ്രഥമ ദേശീയസമ്മേളനം ഠേംഗ്ഡിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി ഔപചാരികമായി തെരഞ്ഞെടുത്തു.
1975 ല്‍ ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി ചുമതലയില്‍നിന്ന് അദ്ദേഹം സ്വയം ഒഴിവായി. ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും കൂച്ചുവിലങ്ങിട്ട് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ പിന്‍വലിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി രാജ്യവ്യാപകമായി പ്രക്ഷോഭം നയിക്കുന്ന ലോകസംഘര്‍ഷ സമിതിയുടെ ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുക്കുന്നതിനുവേണ്ടിയായിരുന്നു അത്. സ്വന്തം കാര്യസാധ്യത്തിനും അധികാരദുരയ്ക്കും തടസമാകുന്നത് ആരായാലും ശത്രുമിത്രോദാസീന ഭേദമില്ലാതെ ആളിനെ ഇല്ലായ്മ ചെയ്യാന്‍ പോലും മടിക്കാത്ത ഇന്ദിരാഗാന്ധിക്കെതിരായ പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിക്കാനാണ് അദ്ദേഹം നിയുക്തനായത്. രാജ്യമാകെ ചുറ്റിസഞ്ചരിച്ച് അടിയന്തരാവസ്ഥാവിരുദ്ധ ജനാധിപത്യ പുനഃസ്ഥാപന പ്രക്ഷോഭത്തിന് അദ്ദേഹം വിവിധ പ്രസ്ഥാനങ്ങളെ സജ്ജരാക്കി. നിസ്സഹായരായി നിന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കര്‍മ്മോത്സുകരാക്കി; നിര്‍ഭയത്വം പകര്‍ന്നു നല്കി.
ദത്തോപാന്ത് ഠേംഗ്ഡിയെന്ന അതികുശലനായ സംഘാടകനിലെ നിര്‍ഭയനായ പോരാളിയെ രാഷ്ട്രം ഈ കാലഘട്ടത്തിലാണ് തിരിച്ചറിയുന്നത്. കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും അധികാരഭ്രാന്തിനെയും ഏകാധിപത്യത്തെയും എതിര്‍ക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് ജനതാപാര്‍ട്ടി രൂപീകരിക്കുന്നതിന് അണിയറയില്‍നിന്ന് കഠിനമായി യത്നിച്ചു. 1964 മുതല്‍ അടിയന്തരാവസ്ഥയുടെ ആദ്യപകുതിവരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചതിലൂടെ ലഭിച്ച അനുഭവങ്ങളും ബന്ധങ്ങളുമാണ് രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കുന്നതിന് കാരണക്കാരനാകാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. 1977 മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കണ്ടു. കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും ജനം ബാലറ്റിലൂടെ തൂത്തെറിഞ്ഞു. ഇന്ദിരാഗാന്ധിയെന്ന ഏകാധിപതി സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ രാജ്നാരായണനെന്ന ജനതാപാര്‍ട്ടി നേതാവിന്റെ മുന്പില് അടിയറവ് പറഞ്ഞു. ഇത്രയും വലിയ രാഷ്ട്രീയ മാറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായ ഠേംഗ്ഡിയാവട്ടെ സംഘമേല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ച് ഒരു യഥാര്‍ത്ഥ പ്രചാരകനായി സ്വന്തം പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് മടങ്ങിപ്പോയി.
കര്‍മ്മയോഗി മാത്രമായിരുന്നില്ല ജ്ഞാനയോഗിയുമായിരുന്നു അദ്ദേഹം. അസാധാരണമായിരുന്നു അദ്ദേഹത്തിന്റെ ബുദ്ധിശക്തി. ഇടതടവില്ലാത്ത സഞ്ചാരത്തിനിടയിലും ലോകത്തിലുണ്ടാവുന്ന ചെറിയ ചലനങ്ങളെപ്പോലും സൂക്ഷ്മമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്തു. ഭാരതചരിത്രത്തെ ആഴത്തില്‍ പഠിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നേതൃത്വത്തിന് കാലിടറിപ്പോയ സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഉദാഹരിച്ചു. പരാജയത്തില്‍നിന്നു കൂടുതല്‍ പാഠങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് നിഷ്കര്‍ഷിച്ചു.
സാമ്പത്തികശാസ്ത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. ജീവിതത്തിലെ ഓരോ ചലനവും സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലുള്ള ആഴത്തിലുള്ള അറിവാണ് 1990 കളില്‍ ആരംഭിച്ച സാമ്പത്തിക മേഖലയിലെ ഉദാരീകരണ നയങ്ങള്‍ വിനാശകരമാകും എന്ന നിലപാടിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഭാരതം ലോകവ്യാപാര സംഘടനയില്‍ അംഗമാകുന്നതിനെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. ലോക വ്യാപാര സംഘടനയില്‍ അംഗമാകുന്നതിലൂടെ നമ്മുടെ സാമ്പത്തിക പരമാധികാരം നഷ്ടമാകുമെന്നദ്ദേഹം കാര്യകാരണസഹിതം വിശദീകരിച്ചു.
1984 ജനുവരി 9, 10, 11 തീയതികളില്‍ ഹൈദരാബാദില്‍ ചേര്‍ന്ന ബിഎംഎസ് ഏഴാം ദേശീയ സമ്മേളനം ഭാരതത്തിന്റെ സാമ്പത്തിക നയപരിപാടികളുടെ പോരായ്മകള്‍ ശക്തമായി ചൂണ്ടിക്കാണിക്കുകയും ആയവ തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. പത്ത് വര്‍ഷം കഴിഞ്ഞ് 1994 മാര്‍ച്ച് 18, 19, 20 തീയതികളില്‍ ധന്‍ബാദില്‍ നടന്ന ബിഎംഎസ് പത്താം ദേശീയ സമ്മേളനത്തില്‍ തൊഴിലാളികളോടും കര്‍ഷകരോടും രണ്ടാം സാമ്പത്തിക സ്വാതന്ത്ര്യസമരത്തിന് സജ്ജരാകാന്‍ ഠേംഗ്ഡി ആഹ്വാനം ചെയ്തു. ലോകത്തെമ്പാടും ലോകവ്യാപാര കരാറിനെതിരെ നടക്കുന്ന വമ്പന്‍ ജനമുന്നേറ്റത്തെപ്പറ്റി അദ്ദേഹം ബിഎംഎസ് പ്രവര്‍ത്തകരേയും ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നു. ഭാരതത്തിലും വലിയ തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കാന് ബിഎംഎസ്സിനെ സജ്ജമാക്കി. സ്വാതന്ത്ര്യസമര കാലഘട്ടത്തിനുശേഷം വീണ്ടും സ്വദേശീ മുദ്രാവാക്യം സമരരംഗത്ത് ഉയര്‍ന്നുവന്നു. ദത്തോപാന്ത് ഠേംഗ്ഡിയെന്ന വീറുറ്റ, വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരിയെയാണ് വീണ്ടും ഈ കാലഘട്ടത്തില്‍ രാജ്യം കാണുന്നത്. ഭരണത്തില്‍ സുഹൃത്തുക്കളുണ്ട് എന്നത് അവരുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നതിന് ബിഎംഎസിന് തടസമല്ലായെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത് 2001 ഏപ്രില്‍ 16 ന് ലക്ഷത്തോളം തൊഴിലാളികളെ സാക്ഷിനിര്‍ത്തി ദല്‍ഹിയിലാണ്. ഠേംഗ്ഡിയോടൊപ്പം ബിഎംഎസ് സ്ഥാപന യോഗത്തില്‍ പങ്കെടുത്ത അടല്‍ബിഹാരി വാജ്പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി.
2002 ഫെബ്രുവരി 22, 23, 24 തീയതികളില്‍ തിരുവനന്തപുരത്ത്വച്ച് ബിഎംഎസിന്റെ 13-ാമത് ദേശീയ സമ്മേളനം നടന്നു. ഫെബ്രുവരി 23 ന് വെട്ടിമുറിച്ച കോട്ടയില്വച്ചു നടന്ന പൊതുയോഗത്തിലാണ് 2010 ന് ശേഷം അമേരിക്ക ലോക സാമ്പത്തിക ശക്തിയായി നിലനില്‍ക്കില്ല എന്നദ്ദേഹം കാര്യകാരണസഹിതം വ്യക്തമാക്കിയത്. 2008 ല്‍ അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ ആരംഭിച്ചു. അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച ലോകത്താദ്യമായി പ്രവചിച്ചത് ഠേംഗ്ഡിയാണ്.
ലോകവ്യാപാര സംഘടനയും ഇരുപത്തിയഞ്ച് വര്ഷത്തിനപ്പുറത്തേക്ക് സജീവമായി നിലനില്കില്ല എന്നദ്ദേഹം പറഞ്ഞു. ലോകത്തുള്ള എല്ലാ അന്തര്‍ദേശീയ സംവിധാനങ്ങളും കാലക്രമേണ നോക്കുകുത്തികളായി മാറുകയാണ് എന്നദ്ദേഹം ലീഗ് ഓഫ് നേഷന്സിനെയു ഐക്യരാഷ്ട്ര സംഘടനയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. വലിയ ബുദ്ധിജീവികളെന്ന് ഊറ്റംകൊള്ളുന്ന കമ്യൂണിസ്റ്റുകാരുപോലും ഈ ലളിതമായ സത്യം മനസ്സിലാകുന്നില്ലല്ലോയെന്ന് അദ്ദേഹം വ്യസനിച്ചു.
കമ്യൂണിസവും കമ്യൂണിസ്റ്റ് ഭരണസംവിധാനവും അതിന്റെ ആഭ്യന്തര ദുര്ബലതമൂലം തകരുമെന്ന് 1980 ല്‍തന്നെ അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ തകര്‍ച്ചയും അദ്ദേഹം നേരത്തെ കണ്ടു. ലോകത്തിന് കമ്യൂണിസവും ക്യാപിറ്റലിസവുമല്ലാത്ത മൂന്നാം മാര്‍ഗമാണ് അഭികാമ്യം എന്നദ്ദേഹം വ്യക്തമാക്കി. കാലത്തിന് മുന്‍പേ നടക്കുന്ന ഋഷിയുടേതിന് സമാനമായ വാക്കുകള്‍, നമ്മോടൊപ്പം സര്വ്വസാധാരണക്കാരനായി, എല്ലാവര്ക്കും പ്രാപ്യനായി, വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടുമിടപഴകി മാതൃകാ കാര്യകര്‍ത്താവായി ജീവിച്ച് പൂര്‍ണ്ണകാമനായി കടന്നുപോയ ദത്തോപാന്ത് ഠേംഗ്ഡിയുടെ ജീവിതത്തേയും പ്രവര്‍ത്തനത്തേയും ചിന്തകളെയും സംബന്ധിച്ച് കൂടുതല്‍ കൂടുതല്‍ ഗഹനങ്ങളായ പഠനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രവര്‍ത്തനമെന്ന തപസ്സും സ്വാദ്ധ്യായവുമായി ജീവിച്ച ഈ യുഗപ്രഭാവന് വിനീത നമസ്കാരം.
(ബിഎംഎസ് ദേശീയകാര്യസമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: