Samskriti

വിദ്യാദേവതയുടെ സന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

Published by

ശിവഗിരി : വിദ്യാരംഭദിനമായ ഇന്നലെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി  നൂറുകണക്കിനു മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായി എത്തിച്ചേര്‍ന്ന്, വിദ്യാദേവതയുടെ സന്നിധിയില്‍ ഗുരുദേവ സംന്യസ്ഥ ശിഷ്യര്‍ ആദ്യാക്ഷരം പകര്‍ന്നു നല്‍കി. പുലര്‍ച്ചെ മുതല്‍ ശിവഗിരി മഠവും സമീപ പ്രദേശങ്ങളും ശിവഗിരി മഹാതീര്‍ത്ഥാടനത്തെ സ്മരിക്കുംവിധം ഭക്തരാല്‍ നിബിഡമായി മാറി.
ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ,  ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍, ശിവഗിരി മഠത്തിന്റെ വിവിധ ശാഖാസ്ഥാപനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മറ്റു സംന്യാസി ശ്രേഷ്ഠര്‍ ഉള്‍പ്പെടെയുള്ളവരാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. സ്വാമി അവ്യയാനന്ദ, സ്വാമി ഗുരുപ്രസാദ് , സ്വാമി അമേയാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി മഹാദേവാനന്ദ, സ്വാമി വിഖ്യാതാനന്ദ തുടങ്ങിയവരൊക്കെ എഴുതിക്കുകയുണ്ടായി.
ശിവഗിരി മഠത്തിലെ എല്ലാവിഭാഗവും ചേര്‍ന്ന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ചെയ്തതിനാല്‍ തിരക്കൊഴിവാക്കി ശാരദാമഠത്തില്‍ കുട്ടികളുമായി എത്തിച്ചേരാന്‍ ഉറ്റവര്‍ക്കായി. നാടുണരും മുമ്പേ ബുക്സ്റ്റാളിന് സമീപത്തെ വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. പതിവിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നതിനാല്‍ കാത്തു നില്‍ക്കാതെ രജിസ്റ്റര്‍ ചെയ്യാനും ശാരദാമഠത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാനുമായി. എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം ഗുരുപൂജാഹാളില്‍ പ്രഭാതഭക്ഷണവും ഉച്ചയ്‌ക്ക് ഗുരുപൂജാ ഭക്ഷണവും നല്‍കുകയുണ്ടായി. കഴിഞ്ഞ 3 ന് നവരാത്രി മണ്ഡപത്തില്‍ തുടക്കം കുറിച്ച വൈവിദ്ധ്യമാര്‍ന്ന പരിപാടികളും ഭക്തിനിര്‍ഭരമായ ആലാപനങ്ങളും വിദ്യാരംഭ ദിനമായ ഇന്നലെയും ഉണ്ടായിരുന്നു. വൈദികമഠം, ബോധാനന്ദ സ്വാമി സമാധി, മഹാസമാധി എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മടങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by