മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക നായകന് ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോളിവുഡ് താരം സല്മാന് ഖാനുമായിട്ടുള്ള ബാബാ സിദ്ദിഖിയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.
അക്രമികള്‍ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്. 9.9 എംഎം പിസ്റ്റളാണ് കണ്ടെടുത്തത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനായി ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികള്‍ നിരീക്ഷണം നടത്തി വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോയിലാണ് പ്രതികള്‍ എത്തിയത്. ബാബാ സിദ്ദിഖി വരുന്നത് വരെ കാത്തിരുന്നതായി പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ രണ്ടു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത
ഹരിയാന സ്വദേശി കര്‍ണെയ്ല്‍ സിങ്, ഉത്തര്‍പ്രദേശ് സ്വദേശി ധര്‍മരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ മൂന്നാമനെ കണ്ടെത്താനായി പൊലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 15 ദിവസങ്ങള്‍ക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബാബാ സിദ്ദിഖിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മുംബൈ ബാന്ദ്രയില്‍ വെച്ചാണ് മുന്‍മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ച ബാബാ സിദ്ദിഖി, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: