Entertainment

പുതപ്പിനുള്ളിൽ കാമറ സെറ്റ് ചെയ്യും, റിക്ലൈനർ സീറ്റുകളിൽ കിടന്ന് ചിത്രീകരണം.

തമിഴ് റോക്കേഴ്സിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്

Published by

സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് ഇവർ തിയറ്ററുകളിൽ നിന്ന് സിനിമ ചിത്രീകരിക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകൾ ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്യുക എന്നതാണ് ഇവരുടെ രീതി. ടൊവിനോ നായകനായെത്തിയ എആർഎം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറക്കിയെന്ന പരാതിയിൽ കൊച്ചി സൈബർ ക്രൈം പൊലീസ് ഇന്നലെ രണ്ടു പ്രതികളെ ബംഗളൂരൂവില്‍ നിന്നും പിടികൂടിയിരുന്നു.

 

ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെയും ബം​ഗളൂരുവിലെയും മൾട്ടിപ്ലക്സ് തിയറ്ററുകളാണ് സിനിമ ചിത്രീകരിക്കുന്നതിനായി ഇവർ തെരഞ്ഞെടുത്തിരുന്നത്. കിടന്നു കൊണ്ട് സിനിമ കാണാൻ കഴിയുന്ന തിയറ്ററുകളിലെത്തി പുതപ്പിനുള്ളിൽ കാമറ സെറ്റ് ചെയ്താണ് സിനിമ ചിത്രീകരിച്ചിരുന്നത്. ദൃശ്യങ്ങളും ശബ്ദവും കൃത്യമായി ലഭിക്കാൻ തിയറ്ററിന്റെ മധ്യഭാ​ഗത്ത് ഇരുന്നുകൊണ്ടാണ് ഇവർ സിനിമ പകർത്തുക.

 

സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുള്ളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തിൽപ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക. അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളിൽ ടിക്കറ്റ് എടുക്കും. കൊച്ചിയിൽ പിടിയിലായ തമിഴ് റോക്കേഴ്സിന്റെ രണ്ടു പേർ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്

 

മലയാളം, തമിഴ്, കന്നഡ സിനിമകൾ ഇക്കൂട്ടത്തിലുണ്ട്. അതേസമയം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സ് ടീമിനെതിരെ തമിഴ്നാട് പൊലീസും കേസ് എടുക്കും. രജിനികാന്ത് ചിത്രം വേട്ടയ്യൻ ചിത്രീകരിച്ചതിനെതിരെയാണ് നടപടി. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by