ശാസ്താംകോട്ട: ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററും ആയിരുന്ന ശൂരനാട്ടെ സിപിഎം നേതാവ് പ്രദീപിന്റെ ഭാര്യ സിന്ധു കെ.എസിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരുമല പമ്പ കോളജില്‍ അദ്ധ്യാപികയായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ഈ നിയമന ക്രമക്കേട് മാസങ്ങള്‍ക്ക് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കഴിഞ്ഞദിവസം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ നടപടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. യോഗ്യതകള്‍ വിലയിരുത്തി നല്കുന്ന കട്ട് ഒഫ് മാര്‍ക്ക് 64 ലഭിച്ചെങ്കില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയുമായിരുന്നുള്ളൂ. സിപിഎം നേതാവിന് 64 മാര്‍ക്ക് ലഭിക്കാനുള്ള യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇവര്‍ക്ക് രാഷ്‌ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 64 മാര്‍ക്ക് നല്കി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കുറഞ്ഞത് ആറ് മാസമെങ്കിലും ഒരു കോളജില്‍ പഠിപ്പിച്ചെങ്കില്‍ മാത്രമേ അദ്ധ്യാപക പരിചയമായി അതിനെ കണക്കാക്കുകയുള്ളൂ. യുജിസിയുടെ നെറ്റ് യോഗ്യത നേടുന്നതിന് മുന്‍പ് പന്തളത്തെ ഒരു കോളജില്‍ ആറ് മാസത്തില്‍ കുറഞ്ഞ കാലം പഠിപ്പിച്ചതിനെയും ദേവസ്വം ബോര്‍ഡ് അദ്ധ്യാപക പരിചയമായി കണക്കാക്കി. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം നടത്തിയ അഭിമുഖത്തിലും മാര്‍ക്ക് വാരിക്കോരി കൊടുത്തു. 30 മാര്‍ക്കുള്ള അഭിമുഖത്തില്‍ 29.75 മാര്‍ക്കാണ് ഇവര്‍ക്ക് നല്കിയത്. ഇങ്ങനെയാണ് നിയമനം ഉറപ്പാക്കിത്. അപേക്ഷ സമര്‍പ്പിച്ചത് മുതല്‍ നിയമന ഉത്തരവ് നല്കുന്നത് വരെ സിപിഎം നേതൃത്വം തുടര്‍ച്ചയായി ഇടപെട്ടു എന്നാണ് അഭിമുഖത്തില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് ഉള്‍പ്പെടെ സൂചിപ്പിക്കുന്നത്.
ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റിയാണ് ഈ വിഷയത്തില്‍ ഇടപെടുകയും വൈസ് ചാന്‍സലര്‍ക്ക് വിവരാവകാശപ്രകാരമുള്ള അപേക്ഷ നല്കുകയും ചെയ്തത്. നാളുകള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് ഗവര്‍ണറെ നേരില്‍കണ്ട് പരാതി നല്കി. ഗവര്‍ണര്‍ ആണ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: