കൊല്ലം: എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ കിണറ്റില്‍ വീണ് മരിച്ചു. ഒരാളെ എക്സൈസ് പിടികൂടി. ഉമയനല്ലൂര്‍ വടക്കുംകരമേലെ കന്നിമേല്‍ വടക്കുംകര വീട്ടില്‍ അനന്തന്‍പിള്ള (31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നടയ്ക്കല്‍ വരിഞ്ഞം കരുണാലയം വീട്ടില്‍ ആരോമലിനെ (37) അറസ്റ്റ് ചെയ്തു. ആറു കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആരോമലിന്റെ സഹോദരന് അരുണിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെട്ടതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ആരോമലും അനന്തന്‍പിള്ളയും നടയ്ക്കലിലെ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സെസ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ആരോമലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനിടെ എക്സൈസ് സംഘത്തെ കണ്ട് അനന്തന്‍പിള്ള ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ശ്രമത്തിനിടെ അരോമലിന്റെ വീടിന്റെ സമീപത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പുറത്തിറങ്ങിയ സമയം കിണറിന്റെ തിട്ട ഇടിഞ്ഞത് ശ്രദ്ധയില്‍പെടുകയും തുടര്‍ന്നുള്ള പരിശോധനയില്‍ കിണറ്റില്‍ മൃതദേഹം കിടക്കുന്നത് കാണുകയുമായിരുന്നു. പരവൂരില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘമെത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോമലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: